റിയാദ്: സൗദി അറേബ്യയിൽ തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെട്ടിടം തകർന്നു വീണു. അൽ ഖസീം പ്രവിശ്യയിലാണ് കാറ്റും മഴയും നാശംവിതച്ചത്. ശക്തമായ കാറ്റിൽ ബുറൈദ നഗരത്തിൽ കെട്ടിടത്തിന്റെ മുകൾനില ഇടിഞ്ഞുവീണു. താഴെ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ നിശ്ശേഷം തകർന്നു. ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ.
മഴ തുടരുന്നു
മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ മേഖലയിലാകെ ഇടക്കിടെ മഴ പെയ്യുന്നത് തുടരുകയാണ്. അൽഖസീമിൽ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പുണ്ടായിരുന്നു. സൗദിയുടെ മധ്യമേഖലയിലും മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും ഈ ആഴ്ച അവസാനം വരെ തുടരും. കഴിഞ്ഞ 24 മണിക്കൂറിൽ റിയാദിൽ 22.4 എം.എം മഴ ലഭിച്ചു. അൽ ബാത്തിനിൽ 33.8 എം.എം, റഫയിൽ 16.3 എം.എം, അൽ ഹിനാക്കിയയിൽ 21.8 എം.എം മഴയാണ് റിപ്പോർട്ട് ചെയ്തത്. മദീനയിലും ശക്തമായ മഴ ലഭിച്ചു. സൗദി ഉൾപ്പെടെ ഗൾഫിലും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളിലും മഴ സാധ്യത കഴിഞ്ഞ ആഴ്ച മെറ്റ്ബീറ്റ് വെതർ മുന്നറിയിപ്പ് നൽകിയിരുന്നു.
പെരുന്നാൾ വിപണിയെ ബാധിച്ചു
റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ പെരുന്നാൾ വിപണിയെയും മഴ ബാധിച്ചു. പെരുന്നാൾ വരെ മഴ തുടരാനാണ് സാധ്യതയെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. സൗദിയുടെ വിവിധ ഭാഗങ്ങളിൽ വരുന്ന 10 ദിവസം പൊടിക്കാറ്റ്, മഴ, ഇടിമിന്നൽ, ആലിപ്പഴ വർഷം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വകുപ്പായി എൻ.സി.എം അറിയിച്ചു.
ഹറമുകളിലും ജാഗ്രത
മഴ മുന്നറിയിപ്പിനെ തുടർന്ന് മക്കയിലും മദീനയിലും മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. മക്കയിലും മദീനയിലും അടുത്ത ദിവസങ്ങളിലും മഴ മുന്നറിയിപ്പുള്ളതിനാൽ മുൻ കരുതൽ സ്വീകരിച്ചതായി സിവിൽ ഡിഫൻസ് പറഞ്ഞു. റമദാൻ അവസാന പത്തിൽ തീർഥാടകരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ലൈലത്തുൽ ഖദ്ർ എന്ന ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് വിശ്വസിക്കുന്ന രാവ് റമദാൻ അവസാന പത്തിലാണെന്നാണ് വിശ്വാസം. ഈ സമയത്ത് ഉംറ തീർഥാടകർ കൂടുതലായി എത്തുന്നുണ്ട്. ഇവർക്ക് പ്രതികൂല കാലാവസ്ഥയിലും സുരക്ഷയൊരുക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
ആവശ്യമായ മുന്നറിയിപ്പുകളും മെഡിക്കൽ സേവനങ്ങളും നൽകുന്നുണ്ട്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം തീർഥാടകരെ രോഗബാധിതരുമാക്കുന്നുണ്ട്. ഹറമുകളിലെ കാലാവസ്ഥാ പ്രശ്‌നവുമായി ബന്ധപ്പെട്ട സുരക്ഷക്ക് നാലായിരം ജീവനക്കാരെയും 200 ലധികം സൂപ്പർവൈസർമാരെയും പ്രത്യേകം നിയോഗിച്ചു. മഴവെള്ളം നീക്കാനും ശുചീകരിക്കാനും നിരവധി ആധുനിക യന്ത്രസംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ട്.