ബിപര്‍ജോയ് തീവ്ര ന്യൂനമർദ്ദമായി മാറി ; പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രി

ബിപര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. ബിപര്‍ജോയ് ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ വീശിയടിച്ചതിന് പിന്നാലെ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വലിയൊരു വിപത്തിനെ ആളപായമില്ലാതെ നേരിടാന്‍ നമുക്ക് കഴിഞ്ഞു. ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ്, മറ്റ് ഏജന്‍സികള്‍ എന്നിവർ അശ്രാന്തമായി പരിശ്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മാര്‍ഗനിര്‍ദേശത്തിന് കീഴിലാണ് ഇത് സാധ്യമായത്- ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രിമാര്‍ പോലും അഞ്ച് ദിവസം ഗുജറാത്തില്‍ ക്യാമ്പ് ചെയ്തു. പിന്തുണച്ചതിന് സംസ്ഥാനത്തെ ജനങ്ങളോട് ഞാന്‍ നന്ദി അറിയിക്കുന്നു. കാര്യങ്ങള്‍ പഴയ പോലെ പുന:സ്ഥാപിക്കുക എന്നതാണ് വലിയ വെല്ലുവിളി. എല്ലാ ഏജന്‍സികളും അതിനായി ഇപ്പോള്‍ പ്രവര്‍ത്തിക്കും. ഉടന്‍ തന്നെ അതില്‍ വിജയം കൈവരിക്കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബിപർജോയ് ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി ദുർബലമായി. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
രാജസ്ഥാനിലെ തെക്ക് പടിഞ്ഞാറൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിന്റെയും മധ്യപ്രദേശിന്റെയും ചില ഭാഗങ്ങളിൽ ഞായറാഴ്ച മുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹി, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, എന്നീ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകും. വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള-കർണാടക തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്. അറബിക്കടലിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രി കച്ചിലെ ജഖാവു തുറമുഖത്തിന് വടക്ക് 10 കിലോമീറ്റർ അകലെ കരയിൽ പതിച്ചതായാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.

Leave a Comment