അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഈർപ്പവും വഴി ബാക്ടീരിയകൾക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കാമെന്ന് പഠനം. കഴിഞ്ഞ മാസം മൈക്രോപ്ലാസ്റ്റിക്കുകൾക്ക് അന്തരീക്ഷത്തിലൂടെ ഇത്രയധികം ദൂരം സ്ഞ്ചരിക്കാമെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നത്. പൊടിപടലങ്ങളിൽ പറ്റിപ്പിടിക്കുന്ന ബാക്ടീരിയകൾക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് മറ്റു ഭൂഖണ്ഡങ്ങളിലെത്താനാകുമെന്നാണ് വെസ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ കണ്ടെത്തിയത്. ഇതിനെ എയറോബയോം എന്നാണ് വിളിക്കുക. ഇത്തരത്തിൽ പുതിയ സ്ഥലത്ത് അടിഞ്ഞുകൂടുന്ന പൊടിപടലത്തിലൂടെ ആ പ്രദേശത്ത് ബാക്ടീരിയക്ക് എത്താം. ഇസ്‌റാഈലിലെ റെഹോവോട്ടിൽ നിന്നുള്ള അന്തരീക്ഷ പൊടിപടലങ്ങളുടെ സാംപിളുകൾ വിവിധ മാസങ്ങളിലായി ഗവേഷകർ പഠനത്തിനായി ശേഖരിച്ചിരുന്നു. ഇതിലടങ്ങിയ ബാക്ടീരിയകളുടെ ഡി.എൻ.എ പഠനം നടത്തി. സൗദി അറേബ്യയിലും ചെങ്കടലിലും കണ്ടെത്തിയ ബാക്ടീരിയകളുടെ ഡി.എൻ.എയാണ് ഇസ്‌റാഈലിലെ സാംപുകളുകൾ നിന്ന് ലഭിച്ചത്. ഇസ്‌റാഈലിലേക്ക് പൊടിപടലങ്ങളിലൂടെയാണ് ഇവയെത്തിയതെന്ന് ഗവേഷകർ കണ്ടെത്തി.
ഇസ്‌റാഈലിലെ മണ്ണിൽ നിന്ന് 34 ശതമാനവും ചെടികളുടെ ഇലയിൽ നിന്ന് 11 ശതമാനവും കടലിൽ നിന്ന് 0.9 ശതമാനവും ബാക്ടീരിയകളെ കണ്ടെത്തി. ഇവ എയറോബയോമിലൂടെ എത്തിയതാണെന്നും സ്ഥിരീകരിച്ചു. ഇവ എങ്ങനെ ആരോഗ്യ രംഗത്തെ ബാധിക്കുമെന്ന പഠനങ്ങൾ നടന്നുവരികയാണ്.