Ayodhya weather forecast 21/01/24 അയോധ്യ പ്രാണ പ്രതിഷ്ഠ കാലാവസ്ഥ: ജെറ്റ് സ്ട്രീം സാന്നിധ്യം ശക്തം, മഴയില്ല, കടുത്ത തണുപ്പും മൂടൽ മഞ്ഞും
അയോധ്യയിൽ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ നടക്കുന്ന നാളെ മഴ സാധ്യതയില്ല. ജെറ്റ് സ്ട്രീം ശക്തമായി തുടരുന്നതു കാരണം കടുത്ത ശൈത്യവും പുകമഞ്ഞും നിറഞ്ഞ കാലാവസ്ഥയാകും ചടങ്ങ് നടക്കുന്ന നാളെ അനുഭവപ്പെടുക. അയോധ്യ ഉൾപ്പെടെ ഉത്തരേന്ത്യക്ക് മുകളിൽ ജെറ്റ് സ്ട്രീം സാന്നിധ്യം തുടരുന്നത് മൂലമാണ് ഉത്തരേന്ത്യയിൽ കൊടും ശൈത്യം അനുഭവപ്പെടുന്നതെന്നും അയോധ്യ ഉൾപ്പെടുന്ന മേഖലക്ക് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 12.6 കിലോമീറ്റർ ഉയരത്തിൽ 130 മുതൽ 140 വരെ നോട്ടിക്കൽ മൈൽ വേഗതയിലാണ് ജെറ്റ് സ്ട്രീം എന്ന കാറ്റിന്റെ പ്രവാഹം ഉള്ളതെന്നും Metbeat Weather ലെ നിരീക്ഷകർ പറഞ്ഞു.
ഇന്നും നാളെയും അയോധ്യയിൽ മഴ സാധ്യത ഇല്ല. കാറ്റിൻ്റെ തണുപ്പ് 8.6 ഡിഗ്രിയാകും. അന്തരീക്ഷത്തിലെ ആർദ്രത 95%. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ മൂന്ന് കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ ശക്തിയുള്ള ശൈത്യ കാറ്റിന് സാധ്യതയുണ്ട്. ദൃശ്യത (Visibility ) 600- 700 മീറ്റർ വരെ. നാളെ കൂടിയ താപനില 12 ഡിഗ്രിയായിരിക്കും. ആർദ്രത 58%. ശൈത്യ കാറ്റിന്റെ പ്രവാഹം തുടരുന്നതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ചുദിവസം കൂടി ഈ കാലാവസ്ഥ തുടരും. മിക്ക ഇടങ്ങളിലും ശൈത്യ തരംഗത്തിനും സാധ്യത.
കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രത്യേക അയോധ്യ കാലാവസ്ഥ ബുള്ളറ്റിൻ ഇറക്കിയിട്ടുണ്ട്. മലയാളം ഉൾപ്പെടെ 140 ഭാഷകളിൽ ഈ ബുള്ളറ്റിൽ വായിക്കാൻ കഴിയും എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിദേശികൾ ഉൾപ്പെടെയുള്ളവർ അയോധ്യ സന്ദർശിക്കുമെന്ന് കരുതുന്നതിനാലാണ് പ്രത്യേക ബുള്ളറ്റിൻ ഇറക്കിയത്. കാലാവസ്ഥ വകുപ്പിന്റെ വെബ്സൈറ്റിൽ പോപ്പ് അപ്പ് മെസ്സേജ് ആയി ഇപ്പോൾ പ്രത്യേക ബുള്ളറ്റിൻ ലഭിക്കുന്നുണ്ട്. IMD യുടെ ഉത്തർപ്രദേശ് വിഭാഗമാണ് ഈ ബുള്ളറ്റിൻ തയാറാക്കുന്നത്.
ബുള്ളറ്റിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം, നാളെ നടക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തും. കനത്ത സുരക്ഷയാണ് അയോധ്യയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠാ ദിനത്തിൽ സരയൂ സ്‌നാനത്തിന് ശേഷം 2 കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തും. തുടർന്നു ഹനുമാൻഗഡി ക്ഷേത്രത്തിൽ ദർശനം നടത്തും.
പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയില്‍ നടത്തിയിട്ടുള്ളത്. അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05 മുതല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും.
ദീപാവലി പോലെ ജനുവരി 22 ന് വീട്ടില്‍ മണ്‍വിളക്കുകള്‍ (ചിരാതുകൾ) കത്തിച്ചും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടും രാമക്ഷേത്ര ഉദ്ഘാടനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെതിരുന്നു.
കേന്ദ്ര മന്ത്രിമാരോടാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം അവരവരുടെ മണ്ഡലത്തിലെ ജനങ്ങളുടെ അയോധ്യയിലേക്കുള്ള ട്രെയിന്‍ യാത്ര സുഗമമാക്കണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിമാരോട് ക്രമീകരണങ്ങള്‍ നേരിട്ട് പരിശോധിക്കാനും അവരുടെ മണ്ഡലത്തിലെ ആളുകളെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാനും മോദി ആവശ്യപ്പെട്ടിട്ടുണ്ട്. സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ഇതെല്ലാം ലാളിത്യത്തോടെ ചെയ്യണമെന്നും പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരോട് നിര്‍ദേശിച്ചു.
അതേസമയം, രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ വിവിധ രാഷ്ട്രീയ കക്ഷികൾ പങ്കെടുക്കുന്നില്ല. ഉത്തർപ്രദേശിലെ ഏറ്റവും വലിയ മുസ് ലിം പള്ളിയായിരുന്ന ബാബരി മസ്ജിദ് 1992 ഡിസംബർ 6 ന് കർസേവകർ തകർത്തിരുന്നു. ഈ ഭൂമിയിലാണ് പിന്നീട് കോടതി വിധിയെ തുടർന്ന് രാമക്ഷേത്രം പണിതത്. പള്ളി പൊളിച്ച ഭൂമിയിൽ ക്ഷേത്രം പണിഞ്ഞതിനാലാണ് ചടങ്ങിൽ പങ്കെടുക്കാത്തത് എന്നാണ് വിവിധ രാഷ്ട്രീയ കക്ഷികൾ വിശദീകരിക്കുന്നത്. ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് മതവികാരം ഉപയോഗപ്പെടുത്തുകയാണെന്നും പ്രതിപക്ഷ കക്ഷികൾ പറയുന്നു. കോൺഗ്രസ് , സി.പി.എം, ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്. മുസ്ലിം പള്ളി തകർത്തു ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ലെന്ന് DMK നേതാവ് ഉദയനിധി സ്റ്റാലിൻ ചെന്നൈയിൽ പറഞ്ഞു.