പ്രളയം തുടരുന്ന അസമിൽ കഴിഞ്ഞ 24 മണിക്കൂറിൽ 10 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഏഴു ദിവസമായി തുടരുന്ന പ്രളയത്തിൽ മരണസംഖ്യ 118 ആയി.
ആറു ജില്ലകളിൽ നിന്നാണ് കഴിഞ്ഞ ദിവസം 10 മരണം റിപ്പോർട്ട് ചെയ്തത്. 312 വീടുകളും കഴിഞ്ഞ 24 മണിക്കൂറിൽ തകർന്നു.
കാചർ ജില്ലയിലെ സിൽചാർ ടൗൺ തുടർച്ചയായ ആറാം ദിവസവും വെള്ളത്തിനടിയിലാണ്. 28 ജില്ലകളിലെ 33.03 ലക്ഷം പേരെ പ്രളയം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ദിവസം 30 ജില്ലകളിലെ 45.34 ലക്ഷം പേരെ പ്രളയം ബാധിച്ചെന്നായിരുന്നു പുറത്തുവന്ന കണക്ക്. എന്നാൽ ഇന്നലെ അസം സ്റ്റേറ്റ് മാനേജ്‌മെന്റ് ഡിസാസ്റ്റർ അതോറിറ്റിയുടെ ബുള്ളറ്റിനിലാണ് പുതിയ വിവരമുള്ളത്. ധുബിയിൽ ബ്രഹ്മപുത്ര കരകവിഞ്ഞ് ഒഴുകുന്നുണ്ട്. നാഗോണിൽ കോപിലി നദിയും നിറഞ്ഞു. സിൽചാറിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രോഗമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ഡെപ്യൂട്ടി കമ്മിഷണർ കീർത്തി ജല്ലി പറഞ്ഞു.
പായ്ക്ക് ചെയ്ത ഭക്ഷണവും കുടിവെള്ള ബോട്ടിലും മറ്റ് അവശ്യ വസ്തുക്കളുടെ വ്യോമസേന ഹെലികോപ്ടറുകൾ വഴി വിതരണം ചെയ്യുന്നുണ്ട്. സ്ഥിതി മെച്ചുപ്പെടുന്നതു വരെ ദുരിതാശ്വാസ പ്രവർത്തനം തുടരാനാണ് തീരുമാനം. സിൽചാറിൽ രണ്ടു ഡ്രോണുകൾ ഉപയോഗിച്ചും ഭക്ഷണ വിതരണം നടത്തുന്നുണ്ട്. 207 അംഗങ്ങൾ ഉൾപ്പെടുന്ന ദേശീയ ദുരന്ത പ്രതികരണ സേനയുടെ എട്ട് സംഘവും 120 അംഗ സൈനിക സംഘത്തോടൊപ്പം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സിൽചാറിൽ നിന്നുള്ളവരെ ദിംപൂരിൽ നിന്ന് എത്തിയ എട്ടു ബോട്ടുകളിലും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മൂന്നു ലക്ഷം പേർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 717 ദുരിതാശ്വാസ കാംപുകളിലായി 2,65,788 പേർ കഴിയുന്നുണ്ട്. 93 റവന്യൂ സർക്കിളുകളിലെ 3,510 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചത്.