ഇന്നലെ ആന്ധ്രാപ്രദേശില്‍ കരകയറിയ അസാനി ചുഴലിക്കാറ്റ് ന്യൂനമര്‍ദമായും പിന്നീട് ചക്രവാത ചുഴിയായും ദുര്‍ബലപ്പെട്ടു. നിലവില്‍ തീരദേശ ആന്ധ്രാപ്രദേശിനു മുകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 5.8 കി.മി അകലെയായി ചക്രവാതച്ചുഴിയായി നിലകൊള്ളുകയാണ്.
കേരളത്തില്‍ മഴ ശക്തിപ്പെടും
ന്യൂനമര്‍ദം കരയറി ദുര്‍ബലമായെങ്കിലും കേരളത്തില്‍ മഴ അടുത്ത ദിവസങ്ങളില്‍ ശക്തിപ്പെടും. കഴിഞ്ഞ റിപ്പോര്‍ട്ടുകളിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. വടക്കന്‍ കേരളത്തില്‍ അടുത്ത മൂന്നു ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ട്. ശനിയാഴ്ച മധ്യ, തെക്കന്‍ കേരളത്തിലും മഴ ശക്തിപ്പെടും. കേരളത്തിനു മുകളിലുള്ള അന്തരീക്ഷസ്ഥിതി മഴക്ക് അനുകൂലമായ സാഹചര്യത്തിലാണ്. അറബിക്കടലില്‍ മേഘരൂപീകരണം നടക്കുകയും ഇത് കടലിലും കരയിലുമായി മഴ നല്‍കുകയും ചെയ്യും. സംസ്ഥാനത്ത് ചൂടിനും ഗണ്യമായ തോതില്‍ ആശ്വാസം ലഭിക്കും. ന്യൂനമര്‍ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും ഭാഗമായ അന്തരീക്ഷസ്ഥിതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കാലത്തെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥ നല്‍കിയത്. ഇത് അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു.