ഓരോ ദിവസം കഴിയുംതോറും ചൂട് കൂടി വരികയാണ്. ഈ കടുത്ത വേനൽ ചൂടിൽ നോമ്പ് കൂടെ എത്തിയിരിക്കുകയാണല്ലോ? പൊള്ളുന്ന ചൂടിൽ നോമ്പ് എടുക്കുമ്പോൾ പൊതുവേ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നോമ്പ് എടുക്കുന്നവരുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ചില കാര്യങ്ങൾ കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാം എന്ന് നോക്കാം.
വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ദാഹം ഇല്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുക എന്നത് നിർജലീകരണം ഒഴിവാക്കാൻ ഉപകരിക്കുന്ന ഒന്നാണ്. എന്നാൽ നോമ്പ് എടുക്കുന്നവർക്ക് ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുവാൻ സാധിക്കില്ല. അവർ രാവിലെ ഭക്ഷണം കഴിക്കുന്ന സമയത്തും, നോമ്പ് തുറക്കുന്ന സമയത്തും ധാരാളം വെള്ളം കുടിക്കുക. ജ്യൂസ് കുടിക്കാൻ താല്പര്യമുള്ള ആളുകൾ മധുരം ഒഴിവാക്കി ഫ്രഷ് ജ്യൂസ് കുടിക്കുക. കഴിവതും ഫ്രൂട്സ് അതുപോലെ തന്നെ കഴിക്കുന്നതാണ് ശരീരത്തിന് കൂടുതൽ ഗുണകരം.
എണ്ണ പലഹാരങ്ങൾ കൂടുതൽ കഴിക്കുന്നത് ഒഴിവാക്കുക. പൂർണ്ണമായും ഒഴിവാക്കാൻ പറ്റിയാൽ അത്രയും നല്ലത്. കൂടാതെ സോഫ്റ്റ് ഡ്രിങ്ക് സുകൾ പരമാവധി ഒഴിവാക്കുക. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ പരമാവധി കഴിക്കാൻ ശ്രദ്ധിക്കുക. അവയിൽ പഴങ്ങൾ പച്ചക്കറികൾ ഇല വർഗ്ഗങ്ങൾ തുടങ്ങിയവ ധാരാളം ഉൾപ്പെടുത്താൻ ശ്രമിക്കുക. പ്രധാനമായും ശരീരത്തിന് തണുപ്പ് നൽകുന്ന ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ കഴിക്കുക. നോമ്പ് എടുക്കുന്നതിന് മുൻപ് അത്താഴത്തിന് കഴിക്കുന്ന ഭക്ഷണത്തിൽ നോൺവെജ് പരമാവധി ഒഴിവാക്കുക . തലേദിവസം ബാക്കി വരുന്ന നോൺ വെജ് ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കാതിരിക്കുക.
പിന്നെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം നോമ്പു തുറക്കുമ്പോൾ ഒറ്റയടിക്ക് ഭക്ഷണം കഴിക്കാതെ ആദ്യം ധാരാളം വെള്ളം കുടിക്കുക. പ്രധാനമായും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. കാപ്പി ചായ തുടങ്ങി കഫീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പൂർണമായും ഒഴിവാക്കുക. കൂടാതെ എന്തെങ്കിലും അസുഖം ഉള്ളവരാണ് നോമ്പ് എടുക്കുന്നത് എങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും അസുഖത്തിന് സ്ഥിരമായി മരുന്നു കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ നോമ്പ് എടുക്കുന്നതിനു മുൻപ് ഡോക്ടറെ കണ്ട് ആരോഗ്യകരമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം നോമ്പ് എടുക്കുക.
നോമ്പ് എടുക്കുന്നവരും അല്ലാത്തവരും രാവിലെ 11:30 മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങാതെ ശ്രദ്ധിക്കുക. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ കുട കയ്യിൽ കരുതുക . ആരോഗ്യകരമായ രീതിയിൽ വിശ്വാസങ്ങൾ പിന്തുടരുക