Depression Update (14/10/24) : തീവ്ര ന്യൂനമർദം ഒമാനിലേക്ക്, ഇന്ത്യയിൽ കാലവർഷം വിടവാങ്ങൽ വേഗത്തിലാകും

തീവ്ര ന്യൂനമർദം ഒമാനിലേക്ക്, ഇന്ത്യയിൽ കാലവർഷം വിടവാങ്ങൽ വേഗത്തിലാകും

മധ്യ പടിഞ്ഞാറ് അറബിക്കടലിൽ കഴിഞ്ഞദിവസം രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായതായി (Depression) കേന്ദ്ര കാലാവസ്ഥ വകുപ്പും  സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയിലെ ബുള്ളറ്റിനിലാണ് ഇക്കാര്യം കാലാവസ്ഥ വകുപ്പ് പറയുന്നത്. എന്നാൽ ഇന്നലെ പകൽ തന്നെ തീവ്ര ന്യൂനമർദ്ദമായതായി Metbeat Weather റിപ്പോർട്ട് ചെയ്തിരുന്നു.

ഒമാനിലെ മാസിറാ ദ്വീപിൽ നിന്നും 180 കിലോമീറ്റർ അകലെയാണ് ഇപ്പോൾ തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. യമനിലെ അൽ ഗെയ്ദ തീരത്തുനിന്ന് 1380 കി.മി കിഴക്കാണ് തീവ്ര ന്യൂനമർദ സ്ഥാനം. അടുത്ത രണ്ട് ദിവസത്തിനകം ഒമാൻ തീരം ലക്ഷ്യമാക്കി depression നീങ്ങും. ഇന്നലെ മുതൽ ഒമാനിന്റെ ആകാശത്ത് ഈ സിസ്റ്റം കാറ്റിനെ സ്വാധീനിക്കുന്നുണ്ട്.

അതിനാൽ ഒമാനിലും അടുത്ത ദിവസങ്ങളിൽ യു.എ.ഇയിലും ഒറ്റപ്പെട്ട മഴക്ക് തീവ്ര ന്യൂനമർദം കാരണമാകും.

തീവ്ര ന്യൂനമർദ്ദം ഇന്ത്യൻ തീരത്തുനിന്ന് അകന്നു പോയതോടെ, ഉത്തരേന്ത്യയിൽ നിന്ന് മന്ദഗതിയിൽ ആയ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ വിടവാങ്ങൽ വേഗത്തിലാകും. അടുത്ത ഒരാഴ്ചക്കകം കാലവർഷം രാജ്യത്തു നിന്ന് പൂർണമായും വിടവാങ്ങുമെന്നാണ് കരുതുന്നത്. കേരളത്തിൽ നിന്നാണ് കാലവർഷം അവസാനമായി വിടവാങ്ങുന്നത്.

ഇതിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് സമീപമായി രൂപം കൊള്ളുന്ന ന്യൂനമർദ്ദം തുലാവർഷത്തെ തമിഴ്നാട്ടിൽ എത്തിക്കും. ഇപ്പോൾ ചക്രവാത ചുഴിയായി ബംഗാൾ ഉൾക്കടലിൽ തുടരുകയാണ്. കാലവർഷം വിടവാങ്ങുന്നതോടെ കാലവർഷക്കാറ്റിന്റെ ഗതിയിൽ മാറ്റം വരും. കിഴക്കുനിന്നുള്ള തുലാവർഷക്കാറ്റിന് കരയിൽ പ്രവേശിക്കാനും കഴിയും.

ഇന്ന് രാവിലെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തി കുറഞ്ഞ മഴയോ മേഘാവൃതമായ അന്തരീക്ഷമോ ഉണ്ടാകും. തുടർന്ന് പൊതുവേ മഴ കുറവായിരിക്കും. എന്നാൽ ആകാശം പൂർണമായും മേഘങ്ങൾ ഒഴിയില്ല. ഉച്ചക്ക് ശേഷം വൈക്കം മുതൽ ഇരിങ്ങാലക്കുട വരെ ഇടനാട് പ്രദേശത്ത് കൂടി മഴ സാധ്യത. കൊച്ചി ഉൾപ്പെടെയുള്ള തീരദേശങ്ങളിൽ മഴ സാധ്യത കുറവാണ്. എന്നാൽ കോതമംഗലം ഉൾപ്പെടെയുള്ള മേഖലകളിൽ മഴ ലഭിക്കും.

വടക്കൻ കേരളത്തിൽ കണ്ണൂരിന്റെ കിഴക്കൻ മേഖല മുതൽ കാസർകോടിന്റെ കിഴക്കൻ മേഖല വരെ നേരിയ മഴയുണ്ടാകും. തമിഴ്നാട്ടിൽ ഇന്ന് പകൽ മഴ പ്രതീക്ഷിക്കണം. പുതുച്ചേരി, മയിലാട് തുറൈ എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകും. പുതുച്ചേരിയിൽ പ്രാദേശിക വെള്ളക്കെട്ടുകൾ കാരണമാകുന്ന രീതിയിൽ മഴ ലഭിക്കും. കഴിഞ്ഞ ദിവസം കോയമ്പത്തൂരിലും കനത്ത മഴ പെയ്തിരുന്നു. മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ ഉണ്ടായി.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തമിഴ്നാട്ടിലെ മധ്യമേഖലയുടെ തീരങ്ങളിലും വടക്കൻ മേഖലയുടെ തീരങ്ങളിലും ശക്തമായ മഴ നൽകും. അതിനാൽ ഇനിയുള്ള ഒരാഴ്ച ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പ്രാദേശിക കാലാവസ്ഥ അപ്ഡേറ്റുകൾ പരിശോധിക്കണം.

കാലാവസ്ഥ അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കൊടുത്ത ചാനൽ ഫോളോ ചെയ്യുക.

Join our WhatsApp Channel
Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment