അന്റാർട്ടിക്കയിൽ ആകാശം നിറംമാറിയതിന്റെ കാരണം കണ്ടെത്തി ഗവേഷകർ

അന്റാർട്ടിക്കയിൽ കഴിഞ്ഞ ദിവസം ആകാശം ആകാശം കടുംപിങ്ക്, വയലറ്റ് നിറത്തിലായത് അഗ്നിപർവത സ്ഫോടനത്തെ തുടർന്ന്. ഈ വർഷം ജനുവരി 13നു സംഭവിച്ച ടോംഗ ഭൂചലനമാണ് ഇതിനു പിന്നിലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമാണ് ടോംഗ. ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതമാണു ജനുവരിയിൽ പൊട്ടിത്തെറിച്ചത്. 30 വർഷത്തിനിടെ ആദ്യമായിരുന്നു ഇത്രയും വലിയൊരു പൊട്ടിത്തെറി . യു.എസ് ഉൾപ്പെടെ രാജ്യങ്ങളിൽ കടലാക്രമണഭീഷണി ഇതു മൂലം ഉടലെടുത്തിരുന്നു. ദുരന്തത്തിൽ 3 പേരാണു കൊല്ലപ്പെട്ടതെങ്കിലും ടോംഗയുടെ സാമൂഹിക, സാമ്പത്തിക, ആശയവിനിമയ മേഖലകളിൽ ദുരന്തം വൻ നാശനഷ്ടങ്ങൾക്ക് ഇടവരുത്തി.
60 ലക്ഷം ടൺ ടി.എ‍ൻ .ടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചതെന്ന് നാസ വിലയിരുത്തുന്നു. ലോകം ചുറ്റി സഞ്ചരിച്ച ഒരു സോണിക് ബൂം പ്രതിഭാസത്തിനും വിസ്ഫോടനം വഴിയൊരുക്കി. അഗ്നിപർവത വിസ്ഫോടനത്തിന്റെ തുടർപ്രതിഭാസമെന്ന നിലയിൽ 6.2 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം രണ്ടാഴ്ചയ്ക്കു ശേഷം ടോംഗയിലെ ലിഫുക ദ്വീപിനു സമീപം സംഭവിച്ചു. 14.5 ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. അഗ്നിപർവത വിസ്ഫോടനത്തിന്റെ ചാരം 50 കിലോമീറ്ററുകളോളം ഉയരുകയും ഇതു ടോംഗയെ വലയം ചെയ്തു നിൽക്കുകയും ചെയ്തു. ഈ ചാരത്തിൽ സൾഫേറ്റ് കലർന്നിരുന്നു. ഇതോടൊപ്പം തന്നെ വിവിധ ലവണാംശവും നീരാവിയും സ്ഫോടനത്തെത്തുടർന്ന് അന്തരീക്ഷത്തിലെത്തി. ഈ കണികകളാണ് സൂര്യപ്രകാശത്തെ തട്ടിത്തെറിപ്പിച്ച് പിങ്ക്, വയലറ്റ്, പർപ്പിൾ നിറത്തിൽ ആകാശം മാറിയതിനു കാരണമായതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഓഷ്യാനിയയുടെ ഭാഗമായ പോളിനേഷ്യൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായ ടോംഗയുടെ കീഴിൽ 169 ദ്വീപുകളുണ്ട്. കേവലം ഒരുലക്ഷമാണ് ഈ രാജ്യത്തെ ജനസംഖ്യ.

പസിഫിക് സമുദ്രത്തിൽ ന്യൂസീലൻഡ് മുതൽ ഫിജി വരെ നീണ്ടുകിടക്കുന്ന അഗ്നിപർവതമേഖലയിലാണ് അഗ്നിപർവതം മുങ്ങിക്കിടക്കുന്നത്. ഹുംഗ ടോംഗ, ഹുംഗ ഹാപായ് എന്നീ ദ്വീപുകൾക്കിടയിലായാണ് ഇത്. അഗ്നിപർവത ചാരം പരിസ്ഥിതിയിൽ കലർന്നതിനാൽ ശുദ്ധജല ദൗർലഭ്യതയും കോളറ, ഡയേറിയ, ത്വക്, ശ്വാസകോശ രോഗങ്ങൾ എന്നിവയുടെ സാധ്യതയും ടോംഗയിൽ ഉയർന്നിട്ടുണ്ടെന്ന് അക്കാലത്ത് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. ടോംഗയിലെ സസ്യങ്ങളുടെ ഇലകൾ അഗ്നിപർവത ചാരത്താൽ പച്ചനിറം മാറി ബ്രൗൺ നിറത്തിലായി. ആളുകളിൽ പലർക്കും വിഷാദവും പേടിരോഗവും ബാധിച്ചു.
പത്തു ലക്ഷത്തോളം സമുദ്രാന്തര അഗ്നിപർവതങ്ങൾ സമുദ്രങ്ങളിൽ സ്ഥിതി ചെയ്യുന്നുണ്ടെന്നാണു കണക്ക്. ലോകത്ത് നടക്കുന്ന അഗ്നിപർവത വിസ്ഫോടനങ്ങളിൽ മൂന്നിലൊന്നും ഇവയിലാണത്രേ നടക്കുന്നത്. എന്നാൽ ജനവാസമേഖലകളിൽ നിന്ന് അകന്ന് സ്ഥിതി ചെയ്യുന്നതിനാൽ പലതും അറിയപ്പെടാതെ പോകുകയാണ് പതിവ്. 2004ലെ മഹാസൂനാമിക്കു മുൻപ് സൂനാമികൾ അത്ര അറിയപ്പെടുന്ന ഒരു പ്രകൃതിദുരന്തമായിരുന്നില്ല. എന്നാൽ അതിനു ശേഷം ലോകത്ത് സൂനാമികൾ സംഭവിക്കുന്നതിന്റെ തോത് ഉയർന്നിട്ടുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു. അതുപോലെ തന്നെ അഗ്നിപർവത വിസ്ഫോടനങ്ങൾ, ഭൂചലനങ്ങൾ എന്നിവയിലെല്ലാം വർധനയുണ്ട്. മനുഷ്യ ഇടപെടൽ മൂലമുണ്ടാകുന്ന കാലാവസ്ഥാ, സ്ഥിതിമാറ്റങ്ങൾ ഇവയുടെ തോത് കൂടുന്നതിൽ പരോക്ഷമായി സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment