വെട്ടുകിളി ഭീതിയിൽ അഫ്ഗാനിസ്ഥാൻ; ഫലപ്രദമായ കീടനാശിനി നൽകി ഇന്ത്യ

വെട്ടുകിളി ഭീതിയിൽ അഫ്ഗാനിസ്ഥാൻ; ഫലപ്രദമായ കീടനാശിനി നൽകി ഇന്ത്യ

പ്രകൃതിദുരന്തങ്ങൾ മൂലം ഭക്ഷ്യസുരക്ഷ മുൻപ്തന്നെ അവതാളത്തിലായ അഫ്ഗാനിസ്ഥാന് വലിയ ഭീഷണിയാണ് വെട്ടുകിളികൾ. കടുത്ത വെട്ടുകിളി ഭീഷണി നേരിടുന്ന അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യയും എത്തി.ഇറാനിലെ ഛബ്രഹാർ തുറമുഖം വഴി 40,000 ടൺ മാലതിയോൺ കീടനാശിനിയാണ് അഫ്ഗാന് ഇന്ത്യ നൽകിയത്. വെട്ടുകിളികൾക്കെതിരെ ഏറെ ഫലപ്രദമായ കീടനാശിനിയാണ് മാലതിയോൺ.

എന്താണ് വെട്ടുകിളികൾ? ഇവയെ നമുക്ക് നേരിടാൻ പറ്റുമോ?

വെട്ടുക്കിളികള്‍ മനുഷ്യരെ കടിക്കുകയോ കുത്തുകയോ ഇല്ല, പക്ഷേ ഒട്ടേറെ പേരെ കനത്ത ദാരിദ്ര്യത്തിലേക്കു തള്ളിവിടാൻ ഇവയ്ക്ക് കഴിവുണ്ട്.പുരാതന കാലഘട്ടം മുതൽ മനുഷ്യന് ഭീഷണിയായി വെട്ടുക്കിളികൾ പറന്നു നടക്കുന്നു. ബൈബിളിലൊക്കെ ഇവയെപ്പറ്റി പരാമർശമുണ്ട്. ഈജിപ്തിലെ ഫറവോമാരുടെ വലിയ പേടിസ്വപ്നമായിരുന്നു ഇവ.ഒറ്റ ദിവസം കൊണ്ട് നൂറിലേറെ കിലോമീറ്റർ പറക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്.1954ൽ ഉത്തര ആഫ്രിക്കയിൽ നിന്നു ബ്രിട്ടൻ വരെ ഇവ പറന്നു പോയി. 1988ൽ വെട്ടുക്കിളികൾ പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നു കരീബിയൻ ദ്വീപുകളിലേക്കു കടലിനു മുകളിലൂടെ യാത്ര ചെയ്തത് ശാസ്ത്രജ്ഞരെ ഞെട്ടിച്ച സംഭവമാണ്. അയ്യായിരം കിലോമീറ്ററുകളാണ് 10 ദിവസം കൊണ്ട് ഇവ യാത്ര ചെയ്തത്.

വെട്ടുക്കിളികളിൽ ഏറ്റവും ഭീകരർ ഡെസേർട്ട് ലോക്കസ് എന്ന ഇനമാണ്.എത്യോപ്യയും സൊമാലിയയും ഉൾപ്പെടുന്ന ആഫ്രിക്കയുടെ കൊമ്പ് എന്ന മേഖലയിൽ ഉദ്ഭവിക്കുന്ന ഇവ മധ്യപൂർവമേഖലകൾ, ഏഷ്യയുടെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം കാണപ്പെടാറുണ്ട്. ഒരു ബാധയുണ്ടാകുമ്പോൾ ഇവ ഇന്ത്യയുൾപ്പെടെ ഏകദേശം അറുപതോളം രാജ്യങ്ങളിലേക്ക് പറന്നുചെല്ലാറുണ്ടെന്നാണു പറയപ്പെടുന്നത്.

ലോകജനസംഖ്യയിൽ പത്തിലൊന്ന് ഇവയുടെ ഭീഷണിയിലാണത്രേ. ഏകദേശം ആലപ്പുഴ ജില്ലയുടെ അത്രയുമൊക്കെ വിസ്തീർണമുള്ള കൂട്ടങ്ങളായാണ് ഇവ പറക്കൽ നടത്തുന്നത്. 800 കോടിയോളം വെട്ടുക്കിളികൾ ഇത്തരം ഒരു കൂട്ടത്തിൽ ഉണ്ടാകും. ആറായിരം ആനകൾ കഴിക്കുന്ന ഭക്ഷണം ഇത്തരം ഒരു വെട്ടുക്കിളിക്കൂട്ടം ഒരു ദിവസം കൊണ്ട് തിന്നു തീർക്കും. മിക്ക രാജ്യങ്ങളും ഇവ മൂലം ദുരിതം അനുഭവിക്കാറുണ്ടെങ്കിലും ഏറ്റവും കൂടുതൽ പ്രതിസന്ധി ആഫ്രിക്കയിലാണ്.പുൽച്ചാടികളുടെ കുടുംബത്തിൽ പെട്ടവയാണ് വെട്ടുക്കിളികളും. ഒരു പക്ഷേ പുൽച്ചാടികളിലെ ഹൾക്ക് എന്ന് ഇവയെ നമുക്ക് വിശേഷിപ്പിക്കാം. വെട്ടുക്കിളികളെ സ്വഭാവമനുസരിച്ച് രണ്ടായി തിരിച്ചിട്ടുണ്ട്.

ഏകാന്തരായവരും (സോളിട്ടറി), സമൂഹമായി നടക്കുന്നവരും (ഗ്രിഗേറിയസ്). ഉണക്ക് കാലത്തു ഭക്ഷണം ദുർലഭമാകുമ്പോൾ ഏകാന്തരായി നടക്കുന്ന വെട്ടുക്കിളികൾ കൂട്ടമായി കൂടി സമൂഹമാകും. ഈ ഇടകലരൽ ഇവയുടെ സ്വഭാവരീതിയിലും രൂപത്തിലും തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരും.സ്ഥിരമുള്ള ഒറ്റനിറം മാറി, തവിട്ടും മഞ്ഞയുമുള്ള പലനിറങ്ങൾ ഇവയുടെ ശരീരത്തിൽ എത്തുകയും ഇവയുടെ തലച്ചോറുകൾ വലുതാകുകയും തുടങ്ങും. ഇതൊക്കെ കഴിഞ്ഞാൽ പിന്നീട് യാത്രയ്ക്കുള്ള തുടക്കമാണ്. അനേകം മനുഷ്യർക്ക് കണ്ണീർ സമ്മാനിക്കാനുള്ള യാത്ര.വിവിധതരം കീടനാശിനികൾ, പുകയ്ക്കൽ തുടങ്ങിയ രീതികളാണ് നിലവിൽ കീടനാശിനികളുടെ പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment