ശക്തമായ മഴ; ഏക്കർ കണക്കിന് നെൽകൃഷി വെള്ളത്തിനടിയിൽ
ശക്തമായ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി വെള്ളത്തിനടിയിലായി. പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 120 ഏക്കർ ഞാർ വെള്ളത്തിനടിയിലായി.പുതുനഗരം, വടവന്നൂർ, കൊല്ലങ്കോട് പഞ്ചായത്തുകളിലാണ് ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമായി ഉണ്ടായ ശക്തമായ മഴയിൽ പാടശേഖരങ്ങളിൽ വെള്ളം കയറിയത്.
നട്ട് ഒരാഴ്ച വരെ ഭാഗമായ നെൽച്ചെടികൾ പാടശേഖരങ്ങളിൽ നിന്ന് ഒഴുകി പോയി.36 ഏക്കർ പാടശേഖരങ്ങളിൽ വിതച്ച വിത്തുകളിൽ പകുതിയോളം ഒഴുകിപ്പോയി.52 മണിക്കൂറോളം ഞാറുകൾ വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നാൽ നശിക്കും എന്ന് കർഷകർ പറയുന്നു.
അതേസമയം മണ്ണൂർ ഞാറക്കോട് പാടശേഖരത്തിൽ ഒരാഴ്ച മുൻപ് ഇറക്കിയ 15 ഏക്കർ കൃഷിയും വെള്ളത്തിനടിയിലായി. ചവിറ്റില തോട് കരകവിഞ്ഞൊഴുകിയതാണ് വ്യാപകമായി കൃഷി വെള്ളം കയറി നശിക്കാൻ കാരണമായത്.അപ്രതീക്ഷിതമായ മഴ കർഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്.
കൂടാതെ കൃഷിയിറക്കാൻ പാകമായ ഞാറ്റടികളും നശിച്ചതായി സമിതി സെക്രട്ടറി പറഞ്ഞു. കൃഷി നശിച്ച കർഷകർക്ക് ധനസഹായം ഉറപ്പാക്കാൻ നടപടി വേണമെന്നും സമിതി സെക്രട്ടറി രവീന്ദ്രൻ പറഞ്ഞു. ഒരേക്കറിൽ കൃഷി ഇറക്കാൻ കർഷകർക്ക് ഏകദേശം 15,000 രൂപ വരെ ചിലവായി.