അസമിൽ 5 ലക്ഷത്തോളം പേർ ദുരിതത്തിൽ; റോഡുകളും പാലങ്ങളും തകർന്നു

അസമിലെ പ്രളയത്തിൽ അഞ്ച് ലക്ഷത്തോളം ആളുകൾ ദുരിതത്തിലാവുകയും  ഉദൽഗുരി ജില്ലയിലെ തമുൽപൂരിൽ ഒരാൾ മരണപ്പെടുകയും ചെയ്തതായി വാർത്താ ഏജൻസിയായ പിടിഐയോട് ഉദ്യോഗസ്ഥർ പറഞ്ഞു. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള നിരവധി നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. അതേസമയം, വരും ദിവസങ്ങളിലും കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചതിനാൽ വെള്ളപ്പൊക്കത്തിൽ നിന്ന് ഉടൻ മോചനം നേടാൻ അസമിന് കഴിയില്ല. മഴ തുടർന്നാൽ ജലനിരപ്പ് വീണ്ടും ഉയരും.

അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എഎസ്‌ഡിഎംഎ) റിപ്പോർട്ട് അനുസരിച്ച് വ്യാഴാഴ്ച വൈകുന്നേരം വരെ 4.95 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. നെമതിഘട്ടിലും (ജോർഹട്ട്), ധുബ്രിയിലും ബ്രഹ്മപുത്ര അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് സെൻട്രൽ വാട്ടർ കമ്മീഷൻ (സിഡബ്ല്യുസി) റിപ്പോർട്ട് പറയുന്നു. പുത്തിമാരി (കാംരൂപ്), പഗ്ലഗിയ (നൽബാരി), മാനസ് (ബാർപേട്ട) തുടങ്ങിയ നദികളും റെഡ് മാർക്കിന് മുകളിലായാണ് ഒഴുകുന്നത്.

വെള്ളപ്പൊക്കത്തിൽ വീടുകളിലേക്ക് വെള്ളം കയറുകയും ചില കുടിലുകൾ തകരുകയും ചെയ്തതിനാൽ നിരവധി ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. ഇതുവരെ 16 ജില്ലകളെയും മറ്റ് നാല് സബ് ഡിവിഷനുകളെയും പ്രളയം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഡിവിഷനായ ബജാലി സബ് ഡിവിഷനിൽ 2.60 ലക്ഷത്തിലധികം ആളുകൾ വെള്ളപ്പൊക്കത്തിൽ വലഞ്ഞു. ഏഴ് ജില്ലകളിൽ 83 ദുരിതാശ്വാസ ക്യാമ്പുകളിലായി 14,000-ത്തിലധികം ആളുകളുണ്ട്. കൂടാതെ മറ്റ് 79 ദുരിതാശ്വാസ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

https://twitter.com/i/status/1671802973318688768

സോണിത്പൂർ, ബോംഗൈഗാവ്, ദരാംഗ്, ധുബ്രി, ലഖിംപൂർ, മോറിഗാവ്, നാൽബാരി, സൗത്ത് സൽമാര, ഉദൽഗുരി എന്നിവിടങ്ങളിൽ വൻ മണ്ണൊലിപ്പ് റിപ്പോർട്ട് ചെയ്തതായി എഎസ്ഡിഎംഎ റിപ്പോർട്ട് ചെയ്തു. കനത്ത മഴയെത്തുടർന്ന് ബോംഗൈഗാവിലും ദിമയിലും മണ്ണിടിച്ചിലു ണ്ടായി. ബാർപേട്ട, സോണിത്പൂർ, ദരാംഗ്, നൽബാരി, ബക്‌സ, ചിരാംഗ്, ധുബ്രി, കൊക്രജാർ, ലഖിംപൂർ, ഉദൽഗുരി, ബോംഗൈഗാവ്, ധേമാജി, ദിബ്രുഗഡ് എന്നിവിടങ്ങളിലെ കായലുകളും റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വെള്ളപ്പൊക്കത്തിൽ തകർന്നു.

https://twitter.com/i/status/1671733790648205313

ബാർപേട്ട, ദരാംഗ്, ജോർഹത്ത്, കാംരൂപ് മെട്രോപൊളിറ്റൻ, കൊക്രജാർ ജില്ലകളിലെ പലയിടത്തും നഗരപ്രദേശങ്ങൾ വെള്ളത്തിനടിയിലായതായി എഎസ്ഡിഎംഎ റിപ്പോർട്ട്. അർദ്ധസൈനിക സേനകൾ, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ് (എഫ് ആൻഡ് ഇഎസ്), സിവിൽ അഡ്മിനിസ്ട്രേഷനുകൾ, എൻജിഒകൾ, പ്രദേശവാസികൾ എന്നിവർ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുകയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment