കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജമ്മു-രജൗരി ഹൈവേയിലെ ഒരു കലുങ്ക് ഒലിച്ചുപോയതിനെ തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു.
വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ നൗഷേരയിലെ രാജാൽ ടോപ്പ് ഏരിയയിലെ ഹൈവേയിലെ താൽക്കാലിക കലുങ്ക് ആണ് ഒലിച്ചുപോയതെന്ന് അധികൃതർ പറഞ്ഞു .
ഇതുമൂലം രാവിലെ മുതൽ നിരവധി വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. നൗഷേരയിലെ രാജാൽ ടോപ്പിൽ ഹൈവേയിൽ പാലം നിർമിക്കുന്ന ജോലികൾ കഴിഞ്ഞ ഒരു മാസമായി നടന്നു വരികയാണെന്നും വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കാൻ താൽക്കാലിക കലുങ്ക് നിർമിച്ചതാണ് കനത്ത മഴയിൽ ഒലിച്ചു പോയതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഹെവി വാഹനങ്ങളും പാസഞ്ചർ വാഹനങ്ങളും സിയോട്ടിൽ നിന്ന് കലക്കോട്ട്-രജൗരി ഭാഗത്തേക്ക് തിരിച്ചുവിട്ടതായും സ്വകാര്യ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ നൗഷേര പാലത്തിൽ നിന്ന് ബെരി പട്ടാൻ സുന്ദർബാനി റോഡിലേക്കും തിരിച്ചുവിട്ടതായി ഡിവിഷണൽ ട്രാഫിക് ഇൻസ്‌പെക്ടർ അജാസ് മിർസ പറഞ്ഞു. ദേശീയപാത പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.