ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും മഴ കുറയും
2025 ലെ വേനൽ സീസണിലെ ആദ്യത്തെ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ആണ് ഇന്ന് ഉച്ചയോടെ ന്യുനമർദ്ദം രൂപപ്പെട്ടത്. കഴിഞ്ഞദിവസം ഈ മേഖലയിൽ ചക്രവാത ചുഴി (Cyclonic Circulation) രൂപപ്പെട്ടിരുന്നു.
ഏപ്രിൽ 8 വരെ ഇപ്പോൾ രൂപപ്പെട്ട ന്യൂനമർദ്ദം വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കാനാണ് സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ വടക്കു ദിശയിൽ സഞ്ചരിക്കുമെന്നാണ് പ്രാഥമിക അവലോകനം. അനുസരിച്ച് തമിഴ്നാട്ടിലും കേരളത്തിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്.

കേരളത്തിൽ ഇന്നും നാളെയും (ഏപ്രിൽ 7, 8) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത് പോലെ വ്യാപകമായ മഴക്ക് സാധ്യതയില്ലന്നാണ് Metbeat Weather നിരീക്ഷിക്കുന്നത്.
പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുമെങ്കിലും കിഴക്കൻ കാറ്റിനെ ന്യൂനമർദ്ദം ആകർഷിക്കുന്നതിനാണ് കേരളത്തിൽ ഇടിയോടുകൂടിയുള്ള മഴ കുറയുന്നത്. കാറ്റിന്റെ അഭിസരണം (convergence ) രൂപപ്പെടുന്നതും താൽക്കാലികമായി ഇത് തടയും. ഈ കാരണത്താൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറയാനാണ് സാധ്യത എന്നും ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.

മഴ വിട്ട് നിൽക്കുന്നതോടെ കേരളത്തിൽ ചൂട് കൂടും. രാത്രി താപനിലയിലും വർദ്ധനവ് ഉണ്ടാകും. ന്യൂനമർദ്ദം കേരളത്തിൽ എങ്ങനെ മഴ നൽകും എന്നതിനെ കുറിച്ച് അടുത്ത അവലോകന റിപ്പോർട്ടുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ഏപ്രിൽ മാസത്തിൽ ന്യൂനമർദ്ദ സാധ്യത നേരത്തെ Metbeat Weather ചൂണ്ടിക്കാട്ടിയിരുന്നു.