നേപ്പാളിൽ ഉരുൾപൊട്ടലിൽ ബസുകൾ നദിയിൽ ഒഴുകിപോയി; 63 പേരെ കാണാതായി
കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടർന്നുണ്ടായ ഉരുള്‍പ്പൊട്ടലിൽ രണ്ട് ബസ്സുകൾ ഒലിച്ചു പോയി. 63 യാത്രക്കാരുമായി പുറപ്പെട്ട ബസുകളാണ് ഒലിച്ചുപോയത്. യാത്രക്കാരെ കുറിച്ച് വിവരമില്ല. മധ്യ നേപ്പാളിലെ മദന്‍-ആശ്രിത് ഹൈവേയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.
ഗണപതി ഡീലക്സ് എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ് ഒഴുക്കിൽപ്പെടുന്നതിനു മുൻപ് മൂന്നുപേർ ചാടി രക്ഷപ്പെട്ടു. തുടർന്നാണ് ബസ് നദിയിൽ പതിച്ചത്.
ഹൈവേയായ നാരായണ്‍ഗഢ്- മുഗ്ലിന്‍ റോഡില്‍ ഇന്നു പുലര്‍ച്ചെ 3.30ഓടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. നിയന്ത്രണം നഷ്ടമായ ബസുകള്‍ ത്രിശൂലി നദിയിലേക്കാണ് ഒലിച്ചുപോയത്. ബസുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
ഇന്നലെ രാത്രി കാഠ്മണ്ഡുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്നവരെ കുറിച്ച് വിവരമില്ല. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ എല്ലാ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡ അറിയിച്ചു. നേപ്പാൾ പോലീസും സായുധസേനയും പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്.
നേപ്പാളില്‍ ഏതാനും ദിവസങ്ങളായി ശക്തമായ മഴയാണ് തുടരുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍നിന്ന് ചിത്വാനിലെ ഭരത്പൂരിലേക്കുള്ള എല്ലാ വിമാന സര്‍വിസുകളും റദ്ദാക്കി. കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാലവര്‍ഷ പ്രകൃതിക്ഷോഭത്തിൽ 74 പേർ മരിച്ചു. 80 പേര്‍ക്കു പരുക്കേറ്റു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.