ITCZ ശ്രീലങ്കയിലെത്തി, ഇടിമിന്നലോടെ ശക്തമായ വേനൽ മഴയെന്ന് ശ്രീലങ്കൻ കാലാവസ്ഥ വകുപ്പ്
ഭൂമധ്യ സംയോജന രേഖ (Intertropical Convergence Zone) ITCZ ശ്രീലങ്കയിലെത്തി യതായി ശ്രീലങ്കന്‍ കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളത്തില്‍ വേനല്‍ മഴക്കും തുടര്‍ന്ന് മണ്‍സൂണ്‍ എത്തുന്നതിനും നിര്‍ണായകമാണ് ITCZ ന്റെ നീക്കം. ഉത്തരാര്‍ധ ഗോളത്തിലെയും ദക്ഷിണാര്‍ധ ഗോളത്തിലെയും കാറ്റിന്റെ സംയോജന മേഖല ( Convergence) ആണ് ഭൂമധ്യ സംയോജന രേഖയ്ക്കു ഇടയാക്കുന്നത്.
വേനലില്‍ ദക്ഷിണാര്‍ധ ഗോളത്തില്‍
ഇന്ത്യയില്‍ വേനല്‍ സീസണില്‍ ഈ രേഖ ദക്ഷിണാര്‍ധ ഗോളത്തിലാണ് സ്ഥിതി ചെയ്യുക. മേഷാദി വിഷുവം (vernal equinox) നു പിന്നാലെ സൂര്യന് ഭൂമധ്യ രേഖ പിന്നിട്ട് ഉത്തരാര്‍ധ ഗോളത്തിലേക്ക് നീങ്ങുന്നതോടെയാണ് ഇതിനു പിന്നാലെ ഭൂമധ്യ സംയോജന രേഖയും നീങ്ങുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യയ്ക്കു മുകളില്‍ സജീവമാകുമ്പോള്‍ ഭൂമധ്യ സംയോജന രേഖയും ഇന്ത്യയ്ക്കു മുകളിലെത്തും.
കാലവര്‍ഷം നേരത്തെ?
ഇത്തവണ കാലവര്‍ഷം നേരത്തെ എത്തിയേക്കുമെന്ന സൂചനയാണ് ഭൂമധ്യ സംയോജന രേഖയുടെ വടക്കോട്ടുള്ള പ്രയാണം സൂചിപ്പിക്കുന്നത്. മെയ് അവസാനത്തോടെ കാലവര്‍ഷത്തിന്റെ ഭാഗമായ മഴ കേരളത്തില്‍ ലഭിച്ചു തുടങ്ങിയേക്കും. കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ രേഖ ഭൂമധ്യ രേഖ കടന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ മനസിലാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ സാന്നിധ്യം ഒരു സര്‍ക്കാര്‍ കാലാവസ്ഥാ ഏജന്‍സി സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
ശ്രീലങ്കയില്‍ കനത്ത മഴ സാധ്യത
ഇന്നലെ രാവിലെയും ഉച്ചയ്ക്കുമുള്ള ബുള്ളറ്റിനിലാണ് ഭൂമധ്യ സംയോജന രേഖയുടെ സാന്നിധ്യം ശ്രീലങ്കന്‍ കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിക്കുന്നത്. ശ്രീലങ്കയില്‍ 10 സെ.മി ശക്തിയുള്ള മഴ ലഭിക്കാമെന്നാണ് പ്രവചനം. ശ്രീലങ്കയുടെ പടിഞ്ഞാറ്, തെക്ക്, മധ്യ മേഖലകളിലാണ് ഇതിന്റെ ഭാഗമായി കനത്ത മഴ ലഭിക്കുക. ട്രോപ്പിക്കല്‍ മേഖലയിലെ 40 ശതമാനം മഴയും നിയന്ത്രിക്കുന്നത് ITCZ ആണ്. സൂര്യന്റെ ചൂടേറ്റ് വായുചൂടു പിടിക്കുന്നതാണ് ഇവിടെ താപസംവഹന മഴക്ക് കാരണം.
മഴക്കൊപ്പം മിന്നലും കാറ്റും ശക്തമാകും
മഴക്കൊപ്പം മിന്നലും കാറ്റും താപസംവഹന മഴയുടെ പ്രത്യേകതയാണ്. വേനല്‍ക്കാലത്താണ് താപസംവഹന മഴ ലഭിക്കുന്നത്. വടക്കുകിഴക്കന്‍ വാണിജ്യവാതവും തെക്കുകിഴക്കന്‍ വാണിജ്യ വാതവും സംഗമിച്ചാണ് ITCZ രൂപപ്പെടുന്നത്.
കാലാവസ്ഥ വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം
FOLLOW US ON GOOGLE NEWS