തുരങ്ക പാതയിൽ പ്രളയജലം കയറി 9 മരണം

സിയോൾ: തുരങ്കപാതയിൽ പ്രളയജലം കയറി വാഹനത്തിൽ കുടുങ്ങിയ 9 പേർ മരിച്ചു. ദക്ഷിണ കൊറിയയിലെ ചിയോങിയു നഗരത്തിലെ ടണലിൽ കുടുങ്ങിയ കാറുകളിൽ നിന്നാണ് ഒൻപതു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു ദിവസമായി ശക്തമായ മഴയായിരുന്നു ഇവിടെ. തുടർച്ചയായി പെയ്ത മഴയിലെ വെള്ളമാണ് ടണലിലേക്ക് ഒഴുകിയെത്തിയത്. ഇതിൽ നിന്ന് രക്ഷപ്പെടാൻ കാർ വേഗത്തിൽ ഓടിച്ചെങ്കിലും പെട്ടെന്ന് വെള്ളം ശക്തിയായി ഒഴുകിയെത്തിയതിനാൽ രക്ഷപ്പെടാനായില്ല. 685 മീറ്റർ നീളമുള്ള തുരങ്കപാതയിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല.

ഒസോങ് ടൗണിലാണ് ഈ ടണലുള്ളത്. 15 വാഹനങ്ങളെ പകുതി മുങ്ങിയ നിലയിൽ കണ്ടെത്തി. മുങ്ങിപ്പോയ ബസിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തി. 9 പേരെ രക്ഷപ്പെടുത്താനും കഴിഞ്ഞു. വടക്കൻ ജിയോങ്‌സാങ് മേഖലയിലാണ് പ്രളയം കനത്ത നാശംവിതച്ചത്. ഇവിടെയുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ ഒലിച്ചുപോയിരുന്നു.

24 മണിക്കൂറിൽ 30 സെ.മി മഴയാണ് ലഭിച്ചത്. ഒരു വർഷം 100 ,180 സെ.മി മഴയാണ് ദക്ഷിണ കൊറിയയിൽ ലഭിക്കാറുള്ളത്.കഴിഞ്ഞ ദിവസത്തെ പ്രളയത്തിൽ 37 പേർ മരിച്ചെന്നാണ് കണക്ക്. ഉരുൾപൊട്ടലും പ്രളയവും ജനജീവിതം താറുമാറാക്കിയിട്ടുണ്ട്. ഒൻപതു പേരെ കാണാതായിട്ടുണ്ട്.

Share this post

Leave a Comment