ചെന്നൈയിൽ കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമായതോടെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴയോടൊപ്പം തിങ്കളാഴ്‌ച തമിഴ്‌നാട്ടിൽ പലയിടത്തും ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നും കാലാവാസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 1996 ന് ശേഷം ആദ്യമായി ജൂണിൽ ചെന്നൈയടക്കം തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, വെല്ലൂർ, റാണിപ്പേട്ട് എന്നീ ആറ് ജില്ലകളിലെ സ്‌കൂളുകൾക്ക് തമിഴ്‌നാട് സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ചെന്നൈയിൽ 27 വർഷത്തിനിടെ പെയ്ത റെക്കോർഡ് മഴയാണ് ഇന്നലത്തേത്. തമിഴ്നാട്ടിൽ പരക്കെ മഴയാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ ചെന്നൈയില്‍ ശക്തമായ മഴയും ഇടിയും ആരംഭിച്ചു. ഇന്നലെ രാത്രിയും സംസ്ഥാന തലസ്ഥാനത്ത് കനത്ത മഴ പെയ്തിരുന്നു. ഞായറാഴ്ച രാവിലെ 8.30 മുതൽ തിങ്കളാഴ്ച പുലർച്ചെ 5.30 വരെ 137.6 മില്ലിമീറ്റർ മഴയാണ് മീനമ്പാക്കത്ത് രേഖപ്പെടുത്തിയത്. കനത്ത മഴയില്‍ ചെന്നൈയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

മഴ വിമാന സർവീസുകളെ ബാധിച്ചു

മഴ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളേയും ബാധിച്ചു. ദോഹയിൽ നിന്നും ദുബായിൽ നിന്നുമടക്കം വരുന്ന പത്തോളം വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ചെന്നൈയില്‍ നിന്നും പുറപ്പെടാനുള്ള വിമാനങ്ങളുടെ പ്രവർത്തനത്തേയും മഴ ബാധിച്ചു.

അതേസമയം, കനത്ത മഴയെ തുടർന്ന് അസമിലെ ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയർന്നു. ലഖിംപൂരിൽ വെള്ളപ്പൊക്കവും രൂക്ഷമായി തുടരുകയാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടർമാർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ഇന്ത്യൻ സൈന്യം, ഇന്ത്യൻ വ്യോമസേന (ഐഎഎഫ്), എൻഡിആർഎഫ് എന്നിവയുൾപ്പെടെ എല്ലാ ഏജൻസികളുമായും അസം സർക്കാർ ബന്ധപ്പെട്ടുവരികയാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

‘ഇത് വെള്ളപ്പൊക്കത്തിന്റെ തുടക്കം മാത്രമാണ്. എല്ലാ സജ്ജീകരണങ്ങളും തുടർന്ന് വരുന്നു. ഏത് സാഹചര്യവും നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണ്’- അസം ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്‌ഡിഎംഎ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ഗ്യാനേന്ദ്ര ദേവ് ത്രിപാഠി വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ ഇന്നും മഴ ശക്തമായി തുടരും. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ തൃശ്ശൂർ വരെയും, മലപ്പുറം ജില്ലയിലും ആണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. മത്സ്യബന്ധനത്തിന് ഉള്ള വിലക്ക് തുടരും. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പുണ്ട്.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment