ഹിമാചൽ പ്രദേശിൽ 51 മരണം; 24 മണിക്കൂർ അതിതീവ്രമഴ

ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും വരുന്ന 24 മണിക്കൂർ കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരുസംസ്ഥാനങ്ങളിലും റെഡ് അലർട്ടാണ് നിലവിൽ. പടിഞ്ഞാറൻ അസ്വസ്ഥതയും, തെക്കുപടിഞ്ഞാറൻ കാറ്റുമാണ് ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് കാരണം. രണ്ടാംദിവസം അതിതീവ്രതയിൽ നിന്ന് കനത്ത മഴയായി തീവ്രത കുറയുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും 51 പേരാണ് ഹിമാചൽപ്രദേശിൽ മരിച്ചത്.
ഇരുപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ആശങ്ക രേഖപ്പെടുത്തി.

ദുരന്തത്തെത്തുടർന്ന് സംസ്ഥാനത്ത് 621 റോഡുകൾ അടച്ചിട്ടുണ്ടെന്ന് അടിയന്തര സഹായ വിഭാഗം അറിയിച്ചു.കനത്ത മഴയെത്തുടർന്ന് 1200 ജില്ലാ റോഡുകൾ ഹിമാചൽ പ്രദേശിൽ അടച്ചിരുന്നു. 4,697 വിതരണ ട്രാൻസ്‌ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും 902 ജലവിതരണ റൂട്ടുകളെ ബാധിച്ചതായും അധികൃതർ അറിയിച്ചു. 25ലധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ആറിടത്ത് മേഘവിസ്ഫോടനവും ഉണ്ടായി. ഓഗസ്റ്റ് 19 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച ഷിംല- കൽക്ക റെയിൽവേ ലൈനും മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നു. ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും പ്രശ്നങ്ങൾ അവസാനിക്കുംവരെ സഞ്ചാരികൾ ഹിമാചൽ സന്ദർശിക്കരുതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഹിമാചലിൽ സമ്മർ ഹിൽസിലെ ശിവക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുന്നതിനിടെ കെട്ടിടം തകർന്നു വീണു. രാവിലെ 7.15 ഓടെയായിരുന്നുസംഭവം.തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാകാമെന്നാണ് സൂചന. അപകടസമയത്ത് മുപ്പതോളംപേർ ക്ഷേത്രത്തിലുണ്ടായിരുന്നതായി സൂചനയുണ്ട്.

അതേസമയം ഉത്തരാഖണ്ഡിലെ ജോഷിമഠിൽ വീണ്ടും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു. മഴകനത്തതോടെ ജോഷിമഠിലെ സുനിൽ ഗ്രാമത്തിൽ കഴിയുന്ന 16 കുടുംബങ്ങൾ അപകടത്തിലാണ് . അടുത്ത രണ്ടുദിവസങ്ങളിൽ ഉത്തരാഖണ്ഡിലും സാമാന്യം കനത്ത മഴ പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ സ്കൈമെറ്റ് പ്രവചിക്കുന്നത്.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment