കനത്ത കാറ്റിലും മഴയിലും പാക്കിസ്ഥാനിൽ എട്ടുകുട്ടികൾ ഉൾപ്പെടെ 27 മരണം

വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ശക്തമായ കാറ്റിലും മഴയിലും എട്ടു കുട്ടികൾ അടക്കം 27 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. “വീടുകളുടെ മേൽക്കൂരയും ചുമരും തകർന്നതിനെ തുടർന്നാണ് 12 പേരുടെ ജീവൻ നഷ്ടപ്പെട്ടതെന്ന് പ്രവിശ്യാ ദുരന്തനിവാരണ അതോറിറ്റിയുടെ വക്താവ് തൈമൂർ അലി ഖാൻ എഎഫ് പിയോട് പറഞ്ഞു.

ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നാല് ജില്ലകളിൽ ശനിയാഴ്ച വൈകിയാണ് കൊടുങ്കാറ്റ് വീശിയത്, ബന്നു ജില്ലയിൽ രണ്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള അഞ്ച് സഹോദരങ്ങൾ ഉൾപ്പെടെ 15 പേർ മരിച്ചു. 140-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും 200-ലധികം കന്നുകാലികൾ ചത്തതായും അദ്ദേഹം പറഞ്ഞു.

നാല് ജില്ലകളിലും അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, പാകിസ്ഥാനിൽ മൺസൂൺ മഴയെ തുടർന്ന് രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലായി. രണ്ട് ദശലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 1,700-ലധികം ആളുകൾ മരിക്കുകയും ചെയ്തു.

അതേസമയം, രാജ്യത്തിന്റെ തെക്ക് ഭാഗത്ത് അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് പാക്കിസ്ഥാനിലേക്ക് അടുക്കുന്നതായി അധികൃതർ അറിയിച്ചു. സിന്ധ് പ്രവിശ്യയിലെ പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രസ്താവനയിൽ ഈ ആഴ്‌ചയ്ക്ക് ശേഷം മണിക്കൂറിൽ 100 ​​കിലോമീറ്റർ വരെ വേഗതയിൽ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.

ജൂൺ 17നകം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

Leave a Comment