മധ്യ ഇന്ത്യയിലെ ചക്രവാത ചുഴി; കേരളത്തിൽ തുടർച്ചയായ മഴ
മറാത്തവാഡക്ക് മുകളിലുള്ള ചക്രവാതചുഴി (cyclonic circulation) ന്യൂനമർദ്ദത്തിലേക്ക് അടുക്കുന്ന സാഹചര്യമുലം കേരളത്തിൽ ഇന്നും മഴ തുടരും. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ സജീവമാകും എന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. എട്ടു ജില്ലകളിലാണ് മഞ്ഞ അലർട്ട് നൽകിയത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവയാണിവ.
നാളെയും (11/06/24) കാലാവസ്ഥ വകുപ്പ് ചില ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് അറിയിച്ചു. താഴെ പറയുന്ന ജില്ലകളിൽ മെയ് 11 ന് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് അലർട്ട്.
മാറാത്തവാഡ മേഖലയിൽ മധ്യ ഇന്ത്യക്ക് മുകളിലായി കഴിഞ്ഞ രണ്ടുദിവസമായി അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ ഒരു ചക്രവാതചുഴി ദൃശ്യമായിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1.5 നും രണ്ട് കിലോമീറ്ററിനും ഇടയിലായിരുന്നു ഇത്. ഇതോടൊപ്പം ഈ മേഖലയിൽ അന്തരീക്ഷത്തിന്റെ മധ്യ ഉയരങ്ങളിൽ പെടുന്ന 5.5 കിലോമീറ്റർ മറ്റൊരു അന്തരീക്ഷചുഴി (upper air circulation – UAC) ദൃശ്യമാണ്.
ഇതോടൊപ്പം മഹാരാഷ്ട്ര തീരം മുതൽ കേരളതീരം വരെ നീണ്ടുനിൽക്കുന്ന മൺസൂൺ ന്യൂനമർദ്ദ പാത്തി (monsoon trough) സ്വാധീനവും മൂലം കൊങ്കൺ തീരം, കർണാടകയുടെ തീരദേശ പ്രദേശങ്ങൾ, കാസറഗോഡ്, കണ്ണൂർ ജില്ലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും മിന്നലും പ്രതീക്ഷിക്കാം.
മധ്യ ഇന്ത്യക്ക് മുകളിൽ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത ദിവസങ്ങളിൽ ഇന്ത്യക്ക് കുറുകെ സഞ്ചരിച്ച് ബംഗാൾ ഉൾക്കടലിൽ എത്തുകയും തുടർന്ന് ദുർബലമാകുകയും ചെയ്യും. ഇത് സഞ്ചരിക്കുന്ന ദിശ അനുസരിച്ച് കേരളത്തിലെ മൺസൂൺ കാറ്റിൻ്റെ ദിശയിലും മാറ്റം ഉണ്ടാകും. അതിനാൽ ശക്തമായ മഴ ലഭിക്കുന്ന മേഖലകളിലും മാറ്റം വന്നേക്കും.
വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചെറിയ ഇടവേളകളോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ തുടർച്ചയായ മഴ ലഭിച്ചേക്കും. ഈ മാസം പകുതിക്ക് ശേഷം കേരളത്തിൽ കാലവർഷം ശക്തിപ്പെടും. അവസാനവാരം അതിശക്തമായ മഴക്ക് സാധ്യത.
® Metbeat Weather
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.