കാലാവസ്ഥാ പ്രവചനം: ആലിപ്പഴ വര്‍ഷം നേരിടാന്‍ കാറുകള്‍ക്ക് സംരക്ഷണം ഒരുക്കി ജനങ്ങള്‍

കാലാവസ്ഥാ പ്രവചനം: ആലിപ്പഴ വര്‍ഷം നേരിടാന്‍ കാറുകള്‍ക്ക് സംരക്ഷണം ഒരുക്കി ജനങ്ങള്‍

യു.എ.ഇയില്‍ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് കാറുകള്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് പൊതിഞ്ഞ് ജനങ്ങള്‍. 10 ദിവസത്തിനു മുന്‍പുണ്ടായ കനത്ത മഴയിലും ആലിപ്പഴ വര്‍ഷത്തിലും നിരവധി പേരുടെ കാറിന്റെ ചില്ലുകള്‍ ആലിപ്പഴം വീണ് തകര്‍ന്നിരുന്നു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍.

അല്‍ഐനിലാണ് കാറിന് മുകളില്‍ കാര്‍ഡ്‌ബോഡ് വച്ച് സുരക്ഷാകവചമൊരുക്കിയത്. ഇന്നു രാത്രി വൈകി മുതല്‍ ഞായറാഴ്ചവരെ യു.എ.ഇയിലും ഒമാനിലും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്നാണ് വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത്.

കഴിഞ്ഞ തവണത്തെ ആലിപ്പഴ വര്‍ഷത്തില്‍ തന്റെ അയല്‍വാസിയുടെ വാഹനത്തിന് 25000 ദിര്‍ഹത്തിന്റെ നഷ്ടമുണ്ടായി എന്നാണ് അല്‍ഐനില്‍ താമസിക്കുന്ന സമീര്‍ മോയിന്‍ പറയുന്നത്. മഞ്ഞുവീഴ്ച സമയത്ത് കാറിന്റെ ചില്ലുകള്‍ പൊട്ടാതിരിക്കാന്‍ അധിക സംരക്ഷണം വേണമെന്നും കാറു പാര്‍ക്് ചെയ്യാന്‍ ഷെഡുകളില്ലാത്തവരാണ് ഇത്തരം സംരക്ഷണം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യോഗ മാറ്റുകളും ചിലര്‍ കാറു മൂടാന്‍ ഉപയോഗിക്കുന്നുണ്ട്. ചിലര്‍ കാര്‍പറ്റുകളും കൊണ്ട് കാര്‍ മൂടിയിട്ടിരിക്കുകയാണ്. ഇന്ന് വെള്ളിയാഴ്ച അവധിയായതിനാല്‍ വാഹനങ്ങള്‍ മിക്കതും വിശ്രമത്തിലാണ്. ഇന്നു മുതലുള്ള കനത്ത മഴയില്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും വടക്കന്‍ ഒമാനിലും പ്രാദേശിക പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നത്.

കഴിഞ്ഞ തവണത്തെ മഞ്ഞുവീഴ്ച പേടിപ്പെടുത്തുന്നതാണെന്ന് ഈയിടെ അബൂദബിയില്‍ നിന്ന് അല്‍ ഐനിലേക്ക് വന്ന ഹിബ ഹുസൈന്‍ പറഞ്ഞു. കെട്ടിടങ്ങളുടെ ബേസ്‌മെന്റിലെ പാര്‍ക്കിങ് എല്ലായിടത്തും ഫുള്‍ ആയിട്ടുണ്ടെന്നും ആളുകള്‍ കാറുകള്‍ സുരക്ഷിത മേഖലയിലേക്ക് മാറ്റുന്നുണ്ടെന്നും ഹിബ പറഞ്ഞു. കഴിഞ്ഞ തവണ തങ്ങളുടെ കാറിന് മഞ്ഞുവീഴ്ചയില്‍ പരുക്കുണ്ടായിരുന്നില്ലെന്നും ഹിബ പറഞ്ഞു.

ആശുപത്രികളും കനത്ത മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങിയിട്ടുണ്ട്. അവധിയുള്ള ജീവനക്കാരെ അടക്കം തിരിച്ചുവിളിച്ചെന്ന് ആശുപത്രി ജീവനക്കാരനായ സമീര്‍ പറഞ്ഞു. കഴിഞ്ഞ തവണ ഐസ് തലയില്‍ പതിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.

അതേസമയം, പശ്ചിമവാതം കഴിഞ്ഞ തവണത്തെയത്ര ശക്തമല്ലാത്തതിനാല്‍ നേരിയ തോതിലുള്ള ആലിപ്പഴ വര്‍ഷം ഇത്തവണ പ്രതീക്ഷിച്ചാല്‍ മതിയെന്നും ശക്തമായ മഴയും കാറ്റും മിന്നലുമാണ് ഇന്നും നാളെയും സാധ്യതയെന്നും കേരളത്തിലെ സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ മെറ്റ്ബീറ്റ് വെതര്‍ പറഞ്ഞു.

metbeat weather

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment