കാട്ടുതീ പടരുന്നു; 10 സൈനികരടക്കം ഇരുപത്തിയഞ്ചിലേറെ മരണം

അൾജീരിയയിൽ കാട്ടുതീ പടരുന്നു. 10 സൈനികരടക്കം 25 ലേറെ മരണം. കാട്ടുതീ അണക്കാനുള്ള ശ്രമത്തിനിടെയാണ് സൈനികർ മരിച്ചത്. കാട്ടുതീ പടർന്നു പിടിക്കുന്നതിനാൽ 1500ലധികം ആളുകളെ മാറ്റി പാർപ്പിച്ചു.അള്‍ജീരിയയുടെ തലസ്ഥാനമായ അല്‍ജരീസിന്റെ കിഴക്കന്‍ പ്രദേശമായ ബെനിക്‌സിലയിലെ റിസോര്‍ട്ട് പരിസരത്തുണ്ടായ തീപിടിത്തത്തിലാണ് സൈനികര്‍ മരിച്ചത്. ഇരുപത്തിയഞ്ചിലധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കടുത്ത വേനൽചൂടിനെ തുടർന്നാണ് കാട്ടുതീ പടർന്നു പിടിച്ചത്.

വടക്കൻ ആഫ്രിക്കൻ രാജ്യമായ അൾജീരിയിയിൽ ശക്തമായ കാറ്റിൽ 16 മേഖലകളിലെ കാടുകളിലും കൃഷിമേഖകളിലും തീ പടരുകയാണ്. ഈ പ്രദേശങ്ങളിലായി 97 തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കിഴക്കൻ അൾജീരിയയിലെ കാബിലെ മേഖലയിലെ ബെജൈയ, ജിജേൽ പ്രദേശങ്ങളെയാണ് തീ കൂടുതലായി ബാധിച്ചിരിക്കുന്നത്. 48 ഡിഗ്രി സെല്‍ഷ്യസാണ് അൾജീരിയയിലെ ഇന്നലത്തെ താപനില.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് ടെബൗണ്‍ അനുശോചനം അറിയിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 7500 അഗ്നിശമനസേനാംഗങ്ങളെയും 350ൽ ഏറെ ട്രക്കുകളും ഉപയോഗിച്ചാണ് ദൗത്യം. തീപിടിത്ത മേലയില്‍നിന്ന് ഒഴിഞ്ഞുപോകാനും പുതുതായി തീപിടിത്തമുണ്ടായാൽ ടോള്‍ ഫ്രീ നമ്പറുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ശക്തമായ കാറ്റും തുടര്‍ച്ചായുണ്ടാകുന്ന ഉഷ്ണതരംഗവും വേനല്‍ക്കാലത്ത് ഗ്രീസിലും മെഡിറ്റേറിയന് ചുറ്റുമുള്ള മറ്റിടങ്ങളിലും തീപിടുത്തതിന് ആക്കം കൂട്ടും.

വേനല്‍ക്കാലത്തെ കാട്ടുതീ അല്‍ജീരിയയിൽ പുതിയ സംഭവമല്ല. അയൽരാജ്യമായ തുണീഷ്യയുമായി ചേർന്നുള്ള വടക്കൻ അതിർത്തി മേഖലയിൽ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ കാട്ടുതീയില്‍ സൈനികർ ഉൾപ്പെടെ 37 പേരാണ് കൊല്ലപ്പെട്ടത്.

Leave a Comment