ജനവാസ മേഖലകളില്‍ കാട്ടുപോത്ത്: എരുമേലിയിലും കൊല്ലത്തും കാട്ടുപോത്ത് ആക്രമണത്തിൽ മൂന്നു മരണം ; പ്രതിഷേധവുമായി ജനം

കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ കണമലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് മരണം. കണമല സ്വദേശി പുറത്തേൽ ചാക്കോ, പുന്നത്തറ തോമസ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്.

കണമല-ഉമികുപ്പ റോഡ് സൈഡിലെ വീട്ടിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ ഉടൻ തന്നെ മരിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തോമസും മരണത്തിന് കീഴടങ്ങി.സംഭവത്തെ തുടര്‍ന്ന് പൊലീസും വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലത്ത് വൃദ്ധൻ മരിച്ചു. ഇടി മുളയ്ക്കൽ കൊടിഞ്ഞൻ സ്വദേശി വർഗീസ് (60)ആണ് മരിച്ചത്.

അതേസമയം കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. പഞ്ചായത്ത് പ്രസിഡന്‍റ് സുബി സണ്ണി, വാർഡ് അംഗം ജിൻസി എന്നിവർ സംഭവസ്ഥലത്തുണ്ട്.

അതിനിടെ തൃശൂർ ജില്ലയിലെ ചാലക്കുടിക്ക് സമീപവും കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ പറയുന്നു. നാട്ടുകാർ ബഹളം വെച്ചതോടെയാണ് കാട്ടുപോത്ത് കാട്ടിലേക്ക് ഓടി മറഞ്ഞത്.

വന്യജീവിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ ചത്തു

എരുമേലി തുമരംപാറയിൽ ബുധനാഴ്ച രാത്രി വന്യജീവിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ ചത്തിരുന്നു. ഇരുമ്പൂന്നിക്കര സ്വദേശി കൈപ്പള്ളി അനിലിന്‍റെ വീട്ടിലെ ആടിനെയും അയൽവാസിയുടെ പട്ടിയെയുമാണ് വന്യജീവി കൊന്നത്.
വളർത്തുമൃഗങ്ങളെ കൊന്നത് പുലിയാണെന്നു നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ പുലിയല്ല ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. 30 കിലോയിലധികം ഭാരമുള്ള ആടിനെയാണ് കടിച്ചു കൊന്നത്. ആടിനെ വലിച്ചു കൊണ്ടുപോയ സ്ഥലത്ത് വന്യജീവിയുടെ കാൽപാടുകളും ഉണ്ട്. സംശയത്തെ തുടർന്ന് ഇന്നലെ വനം വകുപ്പ് ഇവിടെ കാമറ സ്ഥാപിച്ചു.

കരടിയുടെ ആക്രമണം

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ആദിവാസി യുവാവിനെ കരടി ആക്രമിച്ചതായും പരാതിയുണ്ട്. കാട്ടില്‍ തേനെടുക്കാൻ പോയ തരിപ്പക്കൊട്ടി കോളനിയിലെ വെളുത്തയ്ക്കാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്.

തുടർച്ചയായ കാട്ടാന ശല്യത്തില്‍ ജനം പൊറുതി മുട്ടിയിരിക്കുമ്പോൾ കാട്ടുപോത്ത്, കരടി എന്നിവ കൂടി ജനവാസ മേഖലകളില്‍ ഇറങ്ങുന്നതില്‍ ആളുകൾ പരിഭ്രാന്തിയിലാണ്.

വേനൽ മഴ ലഭിച്ച് പച്ചപ്പ് ഉണ്ടാകുന്നുണ്ടെങ്കിലും, ചില വന മേഖലകളിൽ മഴ ലഭിക്കാത്തതിനാൽ വെള്ളത്തിനും ഭക്ഷണത്തിനും, തണുപ്പിനും വേണ്ടിയാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്. ഉൾക്കാടുകളിൽ തീരെ മഴ ലഭിച്ചില്ലെങ്കിൽ വന്യമൃഗ ശല്യം ഇതിലും കൂടുതൽ രൂക്ഷമാവുമായിരുന്നു.

Leave a Comment