തലസ്ഥാന നഗരം ഇത്തവണത്തെ മഴയിൽ മുഴുവൻ വെള്ളത്തിൽ മുങ്ങിയിരുന്നു. അടുത്തെങ്ങും അനുഭവിക്കാത്ത ദുരിതങ്ങൾക്കാണ് തിരുവനന്തപുരം നഗരം സാക്ഷിയായത്.
2018 ലെ പ്രളയകാലത്തു പോലും തിരുവനന്തപുരം നഗരത്തില്‍ വെള്ളം കയറുകയോ, ജനങ്ങള്‍ക്ക് അതിന്റെ കെടുതികള്‍ അനുഭവിക്കേണ്ടിവരികയോ ചെയ്തില്ല.
പിന്നെ എന്തുകൊണ്ടാണ് ഒരൊറ്റ മഴയില്‍ ഇങ്ങനെയൊരു വെള്ളപ്പൊക്കം രൂപപ്പെട്ടത്? എത്ര മഴ പെയ്താലും വെള്ളം സ്വഭാവികമായി ഒഴുകിപ്പോകുന്ന വിധത്തിലായിരുന്നു നഗരത്തിന്റെ കിടപ്പ്.
എന്നാല്‍ ഈ സ്ഥിതിക്ക് ഇന്നു മാറ്റം വന്നിരിക്കുന്നു. മഴവെള്ളത്തിന് ഒഴുകിപ്പോകാനുള്ള മാര്‍ഗങ്ങളെല്ലാം അടഞ്ഞിരിക്കുകയാണ്.
വെള്ളം തങ്ങിനിന്നിരുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം അനധികൃതമായി നികത്തി, ചെറുതും വലുതുമായ കെട്ടിങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.
വെള്ളം ഒഴുകിപ്പോകേണ്ട ഓടകള്‍ പലതും മണ്ണുനിറഞ്ഞ് അടഞ്ഞിരിക്കുകയാണ്.മണ്ണു നീക്കി ഓടകള്‍ തുറക്കേണ്ടത് കോര്‍പ്പറേഷന്‍ അധികൃതരുടെ ഉത്തരവാദിത്വമാണ്.
മഴയ്ക്കു മുൻപ് തന്നെ ഓടകൾ വൃത്തിയാക്കേണ്ടതിൽ വീഴ്ച വന്നിരിക്കുന്നു. അടിസ്ഥാനപരമായി മഴക്കാലത്തിനു മുന്‍പ് എന്തൊക്കെയാണോ ചെയ്യേണ്ടത്,
അത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.ഈ അനാസ്ഥ മൂലം ദുരിതം അനുഭവിക്കേണ്ടിവരുന്നത് ജനങ്ങളാണ്.
ഏഴ് വര്‍ഷം മുന്‍പ് ചെന്നെയിലുണ്ടായ മിന്നല്‍ പ്രളയം എല്ലാവരെയും ഞെട്ടിക്കുകയുണ്ടായി.
മഴയില്‍ പൊടുന്നനെ വെള്ളം പൊങ്ങിയതും, ആളുകള്‍ ദിവസങ്ങളോളം വീടുകളിലും ഫ്ലാറ്റുകളിലും കുടുങ്ങിക്കിടന്നതും,വാഹനങ്ങളും മറ്റും ഒലിച്ചുപോയതും ദുരിതം നിറഞ്ഞ കാഴ്ചയായിരുന്നു .
ഇതിനുമുന്‍പ് ഒരു മഴക്കാലത്തും ഇങ്ങനെയൊരു അനുഭവം ചെന്നൈ നിവാസികള്‍ക്ക് ഉണ്ടായിരുന്നില്ല.
പരിധിയില്ലാത്ത നിര്‍മിതികള്‍ കാരണം വെള്ളത്തിന് ഒഴുകിപ്പോകാന്‍ ഇടമില്ലാതായതാണ് ഈ മിന്നല്‍പ്രളയം സൃഷ്ടിച്ചത്.
ഇതേ അവസ്ഥയാണ് തിരുവനന്തപുരത്തും ഉണ്ടായത്.തിരുവനന്തപുരത്തിന്റെ ഈ അവസ്ഥ നാളെ കേരളത്തെ മുഴുവനായും ബാധിക്കാം.
അതിശയിപ്പിക്കുന്നതാണ് കേരളത്തിലെ നഗരവല്‍ക്കരണം.മോഹവില നല്‍കി സ്ഥലം ഏറ്റെടുത്ത്കെട്ടിട സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കുന്നു.
പാരിസ്ഥിതികമായ യാതൊരു ധാരണയുമില്ലാതെ ഇതിനൊക്കെ നിയമവിരുദ്ധമായി അനുമതി നല്‍കുകയും ചെയ്യുന്നു.
അപ്പോൾ കനത്ത മഴയില്‍ ഉണ്ടാവുന്ന വെള്ളം മുഴുവൻ ജനവാസ കേന്ദ്രങ്ങളെ വിഴുങ്ങും. ഇതിന് അടിയന്തരമായ പരിഹാരം കാണേണ്ടതുണ്ട്.
തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പുതിയ മാസ്റ്റർ പ്ലാൻ
തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായി മേയർ ആര്യ രാജേന്ദ്രൻ.
1971ൽ പ്രസദ്ധീകരിച്ചതും നിലവിൽ ഏറ്റവും പഴക്കം ചെന്നതുമായ മാസ്റ്റർ പ്ലാനാണ് തിരുവനന്തപുരം നഗരസഭയ്ക്ക് ഉള്ളത്.
എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ചാണ് പുതിയ മാസ്റ്റർ പ്ലാൻ രൂപം നൽകുന്നത്.
പുതിയ മാസ്റ്റർ പ്ലാൻ നിലവിൽ വരുന്നതോടെ നഗരത്തിൽ മുഴുവനായി ഏകീകൃത സാഹചര്യം വരുകയും നിലവിലെ ഭൂവിനിയോഗം പരിഗണിച്ചുകൊണ്ട് പ്രസ്തുത
സ്ഥലങ്ങൾ തുടർന്നും വികസിപ്പിക്കുന്നതിന് അനുയോജ്യമായ മാസ്റ്റർ പ്ലാൻ ആണ് തയ്യാറാക്കുന്നത്.
ഇതിലൂടെ നഗരത്തിലെ വെള്ളക്കെട്ടിനും മറ്റ് അപകട സാധ്യതകൾക്കും ഒരു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം.