ഇന്ന് ഉച്ചയ്ക്ക് ആദ്യ മഴ പ്രതീക്ഷിക്കുന്നത് ഇടുക്കി ഉടുമ്പൻചോല മൂന്നാർ മേഖലകളിലാണ്. വാൽപ്പാറ മുതൽ കുമളി വരെയുള്ള മേഖലകളിൽ ഇന്ന് ഉച്ചക്ക് ശേഷം ഇടിയോടുകൂടി മഴ ലഭിക്കും. മലപ്പുറം ജില്ലയുടെ കിഴക്കേ അതിർത്തി പ്രദേശങ്ങളായ നാടുകാണി നിലമ്പൂർ മേഖലകളിലും മഴ പ്രതീക്ഷിക്കാം.
കോയമ്പത്തൂരിലും പാലക്കാട് ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലും ഇന്ന് ഇടിയോടെ മഴ സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിൽ നേരിയ മഴ സാധ്യത. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
തമിഴ്നാട്ടിൽ സേലം, ധർമ്മപുരി മേഖലകളിലും ഇടിയോടുകൂടെ മഴക്ക് സാധ്യത. പുതുച്ചേരിയിലെ തീരദേശത്തിലും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. വടക്കൻ കേരളത്തിൽ ഇന്നും മഴ സാധ്യതക്ക് കുറവാണ് കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മഴ കുറയുക പകൽ ചൂട് ശക്തമായി അനുഭവപ്പെടും യുവി ഇൻഡക്സ് കൂടുതലുള്ളതിനാൽ നേരിട്ട് വെയിൽ കൊള്ളരുത്.
രാവിലെ 11. 30 മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക . ഈ സമയങ്ങളിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. അസുഖങ്ങൾ ഉള്ളവരും, പ്രായമായവരും, ഗർഭിണികളും ജാഗ്രത പാലിക്കുക. വെയിലത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കാൻ മറക്കരുത്.
നിർജലീകരണം തടയാൻ ഇടയ്ക്കിടെ വെള്ളം കുടിക്കുക. അവധിക്കാലമായതിനാൽ കുട്ടികൾ വെയിലത്തുള്ള കളികൾ പരമാവധി ഒഴിവാക്കുക. പ്രായമായവരിലും ചില മരുന്നുകളുടെ ഉപയോഗം ഉള്ളവരിലും ലഹരിവസ്തുക്കളുടെ ഉപയോഗം ഉള്ളവരിലും ദാഹം അറിയാത്ത അവസ്ഥ ഉണ്ടാവും.
അതിനാൽ നിശ്ചിതമായ അളവിൽ ജലം ലഭ്യമാകാതെ ശരീരം ക്ഷീണിക്കും. ശാരീരിക മാനസിക സമ്മർദ്ദങ്ങൾ വർദ്ധിക്കും. അതിനാൽ ദാഹം ഇല്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക.11 നു മുകളിലുള്ള യുവി ഇൻഡക്സ് എക്സ്ട്രീം ലെവൽ ആണ്. 11 നു മുകളിലുള്ള യുവി ഇൻഡക്സ് നേരിട്ട് കൊള്ളുന്നത് സൂര്യഘാതത്തിനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഇത് സ്കിൻ ക്യാൻസർ പോലുള്ള അസുഖങ്ങൾക്ക് സാധ്യത കൂട്ടുന്നു.