നാലാഴ്ചയോളം വൈകിയെത്തിയ തുലാവര്‍ഷം കേരളത്തില്‍ ദുര്‍ബലമായി തുടരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ മാത്രമാണ് ഈ കാലയളവില്‍ കേരളത്തില്‍ ലഭിച്ചത്. അടുത്തയാഴ്ചയോടെ തുലാമഴ സജീവമായി തുടങ്ങുമെന്നാണ് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നത്.
തുലാവർഷ മഴക്ക് കാരണമാകുന്ന കാറ്റിനെ ദുർബലമാക്കി ഹമൂണ്‍
തുലാവര്‍ഷം എത്തിയതിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ചക്രവാതച്ചുഴിയും ന്യൂനമര്‍ദവും ഹമൂണ്‍ ചുഴലിക്കാറ്റുമാണ് തുലാമഴക്ക് കാരണമാകുന്ന വടക്കുകിഴക്കന്‍ കാറ്റിനെ ദുര്‍ബലപ്പെടുത്തിയത്.
ഇതോടെ തുലാവര്‍ഷം കനത്തു പെയ്യേണ്ട തമിഴ്‌നാട്ടിലും കേരളത്തിലും മഴ കുറഞ്ഞു. കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ ഹമൂണ്‍ ചുഴലിക്കാറ്റ് കരകയറിയതോടെ വടക്കുകിഴക്കന്‍ കാറ്റിന്റെ സ്വാഭാവിക ഒഴുക്ക് തുടങ്ങും. തേജ് ചുഴലിക്കാറ്റും വടക്കു കിഴക്കന്‍ കാറ്റിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തിയിരുന്നു.
മഴ നവംബര്‍ മുതല്‍ സജീവം
തുലാവര്‍ഷം നവംബര്‍ ഒന്നു മുതല്‍ വീണ്ടും കേരളത്തില്‍ സജീവമായി തുടങ്ങുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ അനുമാനം. ഇതിനു അനുകൂലമായ രീതിയില്‍ അന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ രൂപപ്പെടും. നവംബര്‍ 3 നും 6 നും ഇടയില്‍ തമിഴ്‌നാട്ടിലും കേരളത്തിലും തുലാവര്‍ഷം ശക്തമാകും. പരക്കെ മഴ കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ലഭിക്കുമെങ്കിലും മഴ പ്രളയത്തിനോ മറ്റോ കാരണമാകില്ല.
നാളെയും മറ്റന്നാളും മഴ
ഞായറാഴ്ചയും തിങ്കളാഴ്ചയും കര്‍ണാടകയുടെ ഉള്‍നാടന്‍ മേഖലയില്‍ മഴ ശക്തിപ്പെട്ടേക്കും. കേരളത്തിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ കനത്തുപെയ്യും. നവംബര്‍ 7 വരെ ദക്ഷിണേന്ത്യയില്‍ സാധാരണ തോതില്‍ മഴ ലഭിക്കാനാണ് സാധ്യത.