ഉത്തരേന്ത്യയിൽ പർവത മേഖലകളിൽ കനത്ത മഞ്ഞു വീഴ്ച വരുന്നു. തിങ്കൾ മുതൽ ഉത്തരേന്ത്യയിൽ ശൈത്യം രൂക്ഷമാകും. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിലെ വെതർ സിസ്റ്റത്തിലെ മാറ്റമാണ് മഞ്ഞുവീഴ്ചക്കും ശീതസീസണിലെ മഴക്കും കാരണമാകുക. പശ്ചിമവാതം (western disturbance) ശക്തമാകുന്നതാണ് മഞ്ഞുവീഴ്ചക്ക് കാരണമാകുക.
ശൈത്യം കൊണ്ടുവരുന്നത് പശ്ചിമവാതം
മധ്യധരണ്യാഴിയിൽ നിന്നുള്ള ശീതക്കാറ്റാണ് പശ്ചിമവാതം (western disturbance) എന്നറിയപ്പെടുന്നത്. ഇത് തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ വഴി ഇന്ത്യയിലെത്തുന്നു. ഹിമാലയം ഈ കാറ്റിനെ തടഞ്ഞു നിർത്തുന്നതിനാൽ ഉത്തരേന്ത്യയിൽ ശൈത്യം വ്യാപിക്കും. ഒരു പങ്ക് പലപ്പോഴും കാറ്റ് അനുകൂലമാകുമ്പോൾ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലും എത്താറുണ്ട്. നവംബർ മുതൽ ഫെബ്രുവരി പകുതിവരെയാണ് പശ്ചിമവാതം സജീവമാകുക. സൂര്യന്റെ സ്ഥാനമനുസരിച്ചാണ് ഈ കാലികവാതം നിയന്ത്രിക്കപ്പെടുന്നത്. ശൈത്യകാലത്ത് സൂര്യൻ ദക്ഷിണാർധ ഗോളത്തിലേക്ക് പോകുകയും പശ്ചിമവാതം അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിൽ സജീവമാകുകയും ചെയ്യുന്നു. പടിഞ്ഞാറൻ ഹിമാലയങ്ങളിലാണ് ഇത് കൂടുതൽ മഞ്ഞുവീഴ്ച നൽകാറുള്ളത്. കൂടുതലറിയാൻ ഇതോടൊപ്പമുള്ള വിഡിയോ കാണാം.
അടുത്ത ആഴ്ച ഹിമാലയൻ മേഖലയിൽ കനത്ത മഞ്ഞുവീഴ്ചക്കും ഉത്തരേന്ത്യയിൽ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. അതിനാൽ ആ പ്രദേശങ്ങളിൽ യാത്ര പോകുന്നവർ കാലാവസ്ഥാ മുന്നറിയിപ്പുകളും വിവരങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് ആസൂത്രണം ചെയ്യുക.