Weather updates 08/01/25: പകൽ താപനില കൂടുന്നു; ജാഗ്രത വേണം
കേരളത്തിൽ പകൽ താപനില കൂടുന്നു. തുലാവർഷ മഴയും മാറിയതോടെയാണ് താപനില കൂടുന്ന നിലയിലേക്ക് കേരളം മാറിയത്. ഡിസംബറിലെ രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന താപനില 37.4 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിൽ ഡിസംബർ 31നാണ്. ചൂട് ഏറ്റവും കൂടുതൽ രേഖപ്പെടുത്തുന്ന പട്ടികയിൽ കണ്ണൂർ വിമാനത്താവളം നവംബർ, ഡിസംബർ,ജനുവരി മാസങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളം ഉയർന്ന താപനില രേഖപ്പെടുത്തിയത് 9 തവണയാണ്. തുടർച്ചയായി ആറുദിവസം (ഡിസംബർ 14 മുതൽ 19 വരെ) കണ്ണൂരായിരുന്നു രാജ്യത്ത് കൂടുതൽ ചൂട് രേഖപ്പെടുത്തിയ നഗരം. ഇതിനുശേഷം 22-ന് കോഴിക്കോട്, 23-ന് തിരുവനന്തപുരം, 26-ന് പുനലൂർ എന്നിവിടങ്ങളും ചൂട് കൂടുതൽ രേഖപ്പെടുത്തി. എന്നാൽ ഡിസംബർ 31ന് കണ്ണൂർ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. ജനുവരിയിലെ ആദ്യ രണ്ടു ദിവസവും കണ്ണൂർ തന്നെയായിരുന്നു ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ നഗരം.
എറണാകുളം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയെങ്കിലും വടക്കൻ കേരളത്തിലാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. ജനുവരിയിൽ കേരളത്തിൽ തണുപ്പ് കുറഞ്ഞ് പകൽ താപനില കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.
അതേസമയം ഇന്ന് (ബുധന്‍) എട്ടു ജില്ലകളില്‍ ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ചാറ്റല്‍മഴക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയത്. വടക്കന്‍ ജില്ലകളില്‍ വരണ്ട കാലാവസ്ഥ തുടരും.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റിലെ നിരീക്ഷകര്‍ പറഞ്ഞു. സാധാരണ മഴ പ്രതീക്ഷിച്ചാല്‍ മതി. ചാറ്റല്‍ മഴയോ ഇടത്തരം മഴയോ ആണ് പ്രതീക്ഷിക്കുന്നത്.
ജനുവരി രണ്ടാം വാരത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും വീണ്ടും മഴ സാധ്യതയുണ്ട്. ഈ മാസം 12 ന് ശേഷമാണ് മഴ പ്രതീക്ഷിക്കുന്നത്. കേരളത്തിലൂടനീളം മഴ ലഭിക്കാനുള്ള അന്തരീക്ഷസ്ഥിതി ഒരുങ്ങുമെന്നാണ് പ്രാഥമിക സൂചനകള്‍.