kerala weather update 18/01/24 : ജെറ്റ് സ്ട്രീം, ചക്രവാത ചുഴി, കേരളത്തിൽ ശൈത്യം, ചാറ്റൽ മഴ സാധ്യത

kerala weather update 18/01/24 : ജെറ്റ് സ്ട്രീം, ചക്രവാത ചുഴി, കേരളത്തിൽ ശൈത്യം, ചാറ്റൽ മഴ സാധ്യത

കഴിഞ്ഞ ഡിസംബർ മുതൽ കേരളത്തിൽ തണുപ്പ് എപ്പോഴെത്തും എന്ന ചോദ്യമായിരുന്നു metbeatnews.com വായനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. സാധാരണ ഡിസംബർ ആകുമ്പോൾ കേരളത്തിൽ തണുപ്പ് തുടങ്ങാറുണ്ടല്ലോ. എന്നാൽ ഡിസംബർ കഴിയാറായപ്പോഴും കേരളത്തിൽ ശക്തമായ ചൂടാണ് ഇത്തവണ അനുഭവപ്പെട്ടിരുന്നത്. ഡിസംബർ അവസാന വാരവും ജനുവരി ആദ്യവാരവും ശക്തമായ മഴയും ലഭിച്ചു. ഇതോടെ ഇത്തവണ തണുപ്പ് ഉണ്ടാകില്ലേ എന്നുള്ള സംശയമായി പലർക്കും.

അന്നേ പറഞ്ഞു, ജനുവരി 15 കഴിയും എന്ന്

എന്നാൽ കേരളത്തിൽ തണുപ്പ് ജനുവരി 15ന് ശേഷം അനുഭവപ്പെട്ടു തുടങ്ങും എന്ന് ഒരു മാസം മുമ്പേ Metbeat Weather ഈ വെബ്സൈറ്റിൽ പലപ്പോഴായി പറഞ്ഞിരുന്നു. അതിന് കാരണവും വിശദീകരിച്ചിരുന്നു. കേരളത്തിൽനിന്ന് വിടവാങ്ങാൻ മടിക്കുന്ന തുലാവർഷക്കാറ്റ് (northeast monsoon wind withdrawal) ആണ് കേരളത്തിൽ ഉത്തരേന്ത്യയിൽ നിന്നുള്ള തണുപ്പ് എത്തുന്നത് തടയുന്നത് എന്നും തുലാവർഷം വിടവാങ്ങുന്നതോടെ ഉത്തരേന്ത്യയിൽ നിന്നുള്ള ശൈത്യം കേരളത്തിലേക്ക് എത്തിത്തുടങ്ങും ആയിരുന്നു ഞങ്ങൾ വിശദീകരിച്ചത്.

മഴ നൽകി തണുപ്പ് അകറ്റി ഡിസംബർ

ഡിസംബർ ജനുവരി മാസങ്ങളിൽ ആയി തുടർന്ന ചക്രവാതചുഴികളും (cyclonic circulation) ന്യൂനമർദ്ദവും (low pressure) കേരളത്തിൽ ശക്തമായ മഴ നൽകുകയും തണുപ്പിനെ അകറ്റുകയും ചെയ്തു. തുലാവർഷക്കാറ്റ് അഥവാ വടക്കു കിഴക്കൻ മൺസൂണിനെ ഭാഗമായുള്ള കാറ്റ് പൂർണമായും ദക്ഷിണേന്ത്യയിൽ നിന്ന് വിടവാങ്ങിയതോടെ ഇനി സ്വാഭാവികമായുള്ള ശൈത്യകാലത്തിന് തുടക്കം ആവുകയാണ്. ഈയൊരു സാധ്യത മുന്നിൽക്കണ്ടാണ് നേരത്തെ ജനുവരി 15ന് ശേഷമായിരിക്കും ഇത്തവണ തണുപ്പ് എന്ന് ഞങ്ങളുടെ weatherman പറഞ്ഞത്.

എം.ജെ.ഒ ഇന്ത്യൻ മഹാസമുദ്രം വിട്ടു

ഇതോടൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായിരുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ (Madden Julian Oscillation – MJO) എന്ന ആഗോള മഴ പാത്തിയുടെ സഞ്ചാരവും ഇപ്പോൾ കേരളത്തിൽ തണുപ്പെത്താൽ അനുകൂലമായ രീതിയിലേക്ക് മാറിയിട്ടുണ്ട്. നേരത്തെ ഫേസ് രണ്ടിൽ അഥവാ ഇന്ത്യൻ മഹാസമുദ്രത്തിൽ ആയിരുന്നു MJO. ഇപ്പോൾ അത് പസഫിക് സമുദ്രത്തിലേക്ക് നീങ്ങിയിട്ടുണ്ട്. അതോടെ കേരളത്തിലേക്ക് ശൈത്യ കാറ്റിന് വരാനാകും.

കേരളത്തിൽ ഒറ്റപ്പെട്ട ചാറ്റൽ മഴ

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളത്തിലെ തീരദേശങ്ങളിൽ പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ രാത്രി വൈകിയും പുലർച്ചെയും ആയി ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചാറ്റൽ മഴ സാധ്യത ഞങ്ങൾ പ്രവചിക്കുന്നുണ്ട്. കഴിഞ്ഞദിവസം പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ചാറ്റൽ മഴ രാത്രി ലഭിക്കുകയും ചെയ്തു. ഇന്നും തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളുടെ തീരദേശത്ത് ഒറ്റപ്പെട്ട ചാറ്റൽ മഴക്ക് സാധ്യതയുണ്ട്. എന്നാൽ എല്ലാ പ്രദേശത്തും വ്യാപകമായി മഴയുണ്ടാകില്ല.

വടക്കൻ കേരളത്തിൽ മൂടൽ മഞ്ഞ്

അതോടൊപ്പം വടക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ പ്രത്യേകിച്ച് വയനാട്, കണ്ണൂർ ജില്ലകളിൽ മൂടൽ മഞ്ഞിന്റെ (fog) സാന്നിധ്യം അർധരാത്രി മുതൽ രാവിലെ 9 വരെ ഉണ്ടാകും. കേരളത്തിൽ രാത്രി താപനില കുറയുകയും പകൽ കൂടുകയും ചെയ്യും. വെയിലിന് കാഠിന്യം കൂടും. Uv ഇന്റക്സ് കൂടുതൽ ആയതിനാൽ നേരിട്ട് വെയിൽ കൊള്ളുന്നത് സുരക്ഷിതമല്ല.

മാലദ്വീപിന് സമീപം ചക്രവാതച്ചുഴി

ഇന്നത്തെ അന്തരീക്ഷ സ്ഥിതി (weather) അനുസരിച്ച് മാലദ്വീപിന് (Maldives) മുകളിൽ ഒരു ചക്രവാതചുഴി ( Cyclonic Circulation) രൂപപ്പെട്ടിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കർണാടകയിൽ നിന്ന് വിദർഭയിലേക്ക് ഒരു ന്യൂനമർദ്ദ പാത്തി ( Trough) യും രൂപപ്പെട്ടിട്ടുണ്ട്. ഒപ്പം ഉത്തരേന്ത്യയിൽ കടുത്ത ശൈത്യവും മൂടൽമഞ്ഞും തുടരുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 12.5 കിലോമീറ്റർ ഉയരത്തിലായി ജെറ്റ് സ്ട്രീമിന്റെ ( Jet Stream) സാന്നിധ്യം ഉത്തരേന്ത്യയിൽ കാണുന്നു. 140- 160 നോട്ടിക്കൽ മൈൽ വേഗതയിലാണ് ഈ ശീതക്കാറ്റിന്റെ പ്രവാഹം ഉള്ളത്. ഇത് ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗത്തിന് ( Cold Wave) ഇടയാകുമെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.

ഉത്തരേന്ത്യയിൽ ശൈത്യതരംഗം

അതിനാൽ വരൂദിവസങ്ങളിൽ ഉത്തരേന്ത്യയിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടും. ഡൽഹി ഉൾപ്പെടെയുള്ള മേഖലകളിൽ തണുപ്പ് പൂജ്യത്തിനോട് അടുത്ത് വരെ എത്തിയേക്കാം. ഈ ശീതകാറ്റ് പ്രവാഹം മധ്യധരണ്യാഴി (Mediterranean Sea ) മുതൽ തുർക്കി, സിറിയ, ഫലസ്തീൻ , ഇസ്രായേൽ, ജോർദാൻ, ഈജിപ്ത്, സൗദി, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ തുടങ്ങിയ പ്രദേശങ്ങൾക്ക് മുകളിലൂടെയാണ് എത്തുന്നത്. അതിനാൽ അടുത്ത ദിവസങ്ങളിൽ സൗദി അറേബ്യയിൽ ശക്തമായ മഞ്ഞുവീഴ്ചയും (snowstorm) ശീതകാല മഴയും (winter rain); പ്രതീക്ഷിക്കണം. ഇതേകുറിച്ച് ഇന്നലെ കൊടുത്ത വിശദമായ റിപ്പോർട്ട് വായിക്കുക.

സൗദി അറേബ്യയുടെ മരുഭൂമി പ്രദേശങ്ങളിൽ പ്രത്യേകിച്ച് കിഴക്കൻ മേഖലയിലും മധ്യമേഖലയിലും മഞ്ഞുവീഴ്ചയും ആലിപ്പഴ (hailstorm ) വർഷത്തോടെയുള്ള മഴയും ഉണ്ടാകും. റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ അടുത്തദിവസം മഴ പ്രതീക്ഷിക്കാം. യു.എ.ഇയിലും ഒമാനിലും താപനില വീണ്ടും കുറയും. അബുദാബി ഉൾപ്പെടെ യു.എ.ഇയുടെ വിവിധ മേഖലകളിൽ മൂടൽമഞ്ഞ് (fog) തുടരും. ഖത്തറിലും കുവൈത്തിലും ബഹ്റൈനിലും ശൈത്യം വർദ്ധിക്കുകയും മൂടൽമഞ്ഞ് സാന്നിധ്യം ഉണ്ടാവുകയും ചെയ്യും. പകൽ മണൽകാറ്റിനും സാധ്യതയുണ്ട്.

കേരള തീരം ശാന്തം

കേരളത്തിന്റെ തീരപ്രദേശങ്ങൾ ശാന്തമാകും. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകുന്നതിന് വിലക്കില്ല. കേരളത്തിൽ സമാനമായ കാലാവസ്ഥ അടുത്ത അഞ്ചുദിവസം തുടരാനാണ് സാധ്യത എന്നും Metbeat Weather റിപ്പോർട്ട് ചെയ്യുന്നു.

© Metbeat Weather News


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment