2023 ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ആദ്യത്തെ ഒരു മാസം പിന്നിട്ടപ്പോൾ ദക്ഷിണേന്ത്യയിൽ മഴക്കുറവും ഉത്തരേന്ത്യയിൽ മഴ കൂടുതലും. കേരളത്തിൽ ആണ് ദക്ഷിണേന്ത്യയിൽ ഏറ്റവും മഴ കുറഞ്ഞത്. ദീർഘകാല ശരാശരി പ്രകാരം കേരളത്തിൽ ഏറ്റവും കുടുതൽ മഴ ലഭിക്കേണ്ടത് ജൂൺ, ജൂലൈ മാസങ്ങളിലാണ്.
ദക്ഷിണ, വടക്കു കിഴക്ക് മഴക്കുറവ്
കേരളത്തിൽ ജൂൺ 30 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 60 ശതമാനമാണ് മഴക്കുറവ്. എന്നാൽ ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ അന്തരീക്ഷച്ചുഴിയും കാരണം ജൂൺ അവസാന വാരം തമിഴ്‌നാട്ടിൽ 6 ശതമാനം അധിക മഴ ലഭിച്ചു. 53.5 എം.എം മഴയാണ് തമിഴ്‌നാട്ടിൽ ഇതുവരെ ലഭിച്ചത്. കാലാവസ്ഥാ ഉപ ഡിവിഷനുകളായ തെക്കു ഉൾനാടൻ കർണാടക, രായലസീമ, തീരദേശ ആന്ധ്രാപ്രദേശ്, തെലങ്കാന, വടക്കു ഉൾനാടൻ കർണാടക, മധ്യ മഹാരാഷ്ട്ര , വിദർഭ , കൊങ്കൺ,ഗോവ, മേഖലകളിലും മഴക്കുറവ് രേഖപ്പെടുത്തി. ഇവിടെയെല്ലാം 60 ശതമാനത്തിൽ താഴെയാണ് മഴക്കുറവ്. മറാത്ത്‌വാഡയിൽ മഴക്കുറവ് 69 ശതമനമാണ്. നാഗാലാന്റ്, മിസോറം, മണിപ്പൂർ, ത്രിപുര (-29%), അരുണാചൽ പ്രദേശ് (-31%) മഴ കുറഞ്ഞു.
ഉത്തരേന്ത്യയിൽ മഴ കൂടി
ഉത്തരേന്ത്യയിലെ കാലാവസ്ഥാ ഉപ ഡിവിഷനുകളായ കിഴക്കൻ മധ്യപ്രദേശ് (27%), പടിഞ്ഞാറൻ ഉത്തർപ്രദേശ് (30%), കിഴക്കൻ രാജസ്ഥാൻ (118%), പടിഞ്ഞാറൻ രാജസ്ഥാൻ (287%), ഗുജറാത്ത് (196%), സൗരാഷ്ട്ര കച്ച് (30%), ഹരിയാന, ഡൽഹി (49%), പഞ്ചാബ് (21%), ഹിമാചൽ പ്രദേശ് (20%) മഴ കൂടുതൽ ലഭിച്ചു. ജമ്മു കശ്മിർ,ലഡാക്് (8%), ഉത്തരാഖണ്ഡ് (-14%), അസം മേഘാലയ (9%), മഴ സാധാരണ തോതിൽ ലഭിച്ചു.
ബിപർജോയ് ചുഴലിക്കാറ്റും, തുടർന്ന് കഴിഞ്ഞ ആഴ്ച ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമർദവും ആണ് ഉത്തരേന്ത്യയിൽ മഴ കൂടാൻ ഇടയാക്കിയത്. ഇന്നും ഗുജറാത്തിൽ തീവ്രമഴ ലഭിച്ചു. ഈ വർഷത്തെ ആദ്യ തീവ്രമഴയാണിത്. മധ്യപ്രദേശിനു മുകളിൽ ന്യൂനമർദം ദുർബലമായെങ്കിലും ന്യൂനമർദത്തിന്റെ ശേഷിപ്പുകൾ അടുത്ത 2 ദിവസം അവിടെ മഴ നൽകും. അതേസമയം, കേരളത്തിൽ ഇനു ജൂലൈ രണ്ടിനു ശേഷമാണ് മഴ കനക്കുകയെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറയുന്നു.