ഗുജറാത്തിൽ ശക്തമായ മഴ ; കുടിലിനു മുകളിൽ മതിൽ വീണ് നാലു കുട്ടികൾ മരിച്ചു

കനത്ത മഴയെതുടർന്ന് ഗുജറാത്തിലെ പഞ്ച്മഹലിൽ കുടിലിന് മുകളിൽ മതിൽ ഇടിഞ്ഞു വീണ് 4 കുട്ടികൾ മരിച്ചു. ഹലോലിൽ ജിഐഡിസി മേഖലയിലെ ഫാക്‌ടറിയുടെ സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്. നാലു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടും നാലും അഞ്ചും വയസുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുജറാത്ത് മിനറൽ ഡെവലപ്മെന്‍റ് കോർപ്പറേഷനിൽ ജോലി ചെയ്തിരുന്ന കുടുംബം ഫാക്‌ടറിയുടെ സമീപം കുടിൽ കെട്ടി താമസിച്ചു വരികയായിരുന്നു.

കനത്ത മഴയെ തുടർന്ന് ഫാക്‌ടറിയുടെ മതിൽ ഇടിഞ്ഞ് വീഴുക‍യായിരുന്നു. കുട്ടികൾ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഗുജറാത്തിൽ വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

Leave a Comment