പ്രതികൂല കാലാവസ്ഥയും കശുമാവ് കൃഷിയും

പ്രതികൂല കാലാവസ്ഥയും കശുമാവ് കൃഷിയും

ഡോ. ഗോപകുമാര്‍ ചോലയില്‍

(കാലാവസ്ഥാ വ്യതിയാനവും കൃഷിയും ഭാഗം -4)

മുൻകാലങ്ങളെ അപേക്ഷിച്ച് കശുമാവിൻ നിന്നുള്ള ഉത്പാദനം കുറയ്ക്കുന്നതിനുള്ള പ്രവണതയാണ് പ്രകടമാവുന്നത്. 1950 കളിൽ, അതായത് 1952 -60 വരെയുള്ള കാലഘട്ടത്തിൽ ഹെക്ടറിന് 1600 എന്ന എക്കാലത്തെയും ഉയർന്ന ഉത്പാദന നിലവാരത്തിൽ നിന്നിരുന്ന തോട്ടണ്ടി ഉത്പാദനം അതിനുശേഷം കുറയുന്ന പ്രവണതയാണ് കാണപ്പെട്ടത്. പിന്നീട്, 1991-00 കാലഘട്ടത്തിൽ നേരിയ പുരോഗതി രേഖപ്പെടുത്തി (795 കിലോഗ്രാം /ഹെക്ടർ ). 2018 -19 ൽ ഉത്പാദനം ഹെക്ടറിന് 673 കിലോഗ്രാം എന്ന നിലയിലെത്തിനിൽക്കുന്നു.

കശുമാവ് കൃഷിയിൽ നിന്ന് കർഷകർ പിന്നോട്ട് പോയത് എന്തുകൊണ്ട്?

തോട്ടണ്ടി വിപണനത്തിൽ നിന്നുള്ള ലാഭം കുറഞ്ഞതുമൂലം കശുമാവ് കൃഷിയോട് കർഷകർ വൈമുഖ്യം പ്രകടിപ്പിച്ചതും കൂടുതൽ ലാഭകരമായ റബ്ബർ പോലുള്ള കൃഷികളിലേക്ക് ചുവട് മാറിയതും സംസ്ഥാനത്തെ തോട്ടണ്ടി ഉല്പാദനമേഖലക്ക് തിരിച്ചടിയായി. കശുമാവ് പൂവിടുന്ന സമയത്ത് അനുഭവപ്പെടുന്ന പ്രതികൂലമായ അന്തരീക്ഷസ്ഥിതി സാഹചര്യങ്ങളാണ് കുറഞ്ഞ ഉല്പാദനത്തിന് പലപ്പോഴും കാരണമാകുന്നത്. (1991-98 കാലഘട്ടത്തിൽ തോട്ടണ്ടി ഉത്പാദനം കുറഞ്ഞതിന് പ്രധാന കാരണമിതാണ്). കശുമാവുകൾ വ്യാപകമായി പൂത്തുലഞ്ഞെങ്കിലും 1998-99 ൽ ശക്തമായ കീടാക്രമണം മൂലം പശ്ചിമ തീരത്തെ കശുമാവിൻതോപ്പുകളിൽ നിന്നുള്ള ഉത്പാദനം പാടെ ഇടിഞ്ഞ അവസ്ഥയുണ്ടായി.

കശുവണ്ടി കൃഷിയുടെ 50 ശതമാനവും ഈ ജില്ലകളിൽ

കേരളത്തിൽ തോട്ടണ്ടി ഉല്പാദനത്തിന്റെ 50 ശതമാനത്തിലേറെ അവകാശപ്പെടാവുന്ന കണ്ണൂർ-കാസറഗോഡ് ജില്ലകളിൽ ഈ സ്ഥിതി വിശേഷം ശക്തമാണ്. പ്രതികൂല കാലാവസ്ഥയും കീടാക്രമണവും ഒത്തുചേരുന്ന ഒരു സമ്മിശ്ര സ്ഥിതിവിശേഷമാണ് തോട്ടണ്ടി ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നത്.
കശുമാവിനെ ആക്രമിക്കുന്ന തേയിലക്കൊതുകിന്റെ വ്യാപനം ശക്തമാവുന്നത് രാത്രികാല താപനില കുറയുമ്പോഴാണ്.

ഉൽപാദനം കുറയുന്നത് എന്തുകൊണ്ട്

ചൂടേറുന്ന കാലാവസ്ഥയും വരൾച്ചാസാഹചര്യങ്ങളുടെ വർധനവും കശുമാവിൻ നിന്നുള്ള ഉത്പാദനത്തെ കുറയ്ക്കും. 1981-90 ദശകത്തിൽ മഴയിലുണ്ടായ കുറവും അന്തരീക്ഷ താപത്തിൽ ഉണ്ടായ വർധനവും മൂലം തോട്ടണ്ടി ഉല്പാദനത്തിൽ 59 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കാലാവസ്ഥാ വ്യതിയാനം മാത്രമല്ല, അന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന ചെറുവ്യതിയാനങ്ങൾ പോലും തോട്ടണ്ടി ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും.

ചൂടേറുന്നത് എല്ലാത്തരം കൃഷികളെയും തളർത്തുന്ന സാഹചര്യമാണ്. പൊതുവെ ചൂടിനോട് സഹിഷ്ണുത പ്രകടിപ്പിക്കുന്ന വൃക്ഷമാണ് കശുമാവ്. മഴക്കുറവ്, കശുമാവിനെ കാര്യമായി ബാധിക്കാറില്ല. പൂവിട്ട്, കായ് പിടിച്ച് മൂപ്പെത്തുന്ന സമയം വരെ മഴ തീരെ ലഭിക്കാതിരിക്കുന്നതാണ് കാശുമാവിനെ സംബന്ധിച്ച് മികച്ച വിളവെടുപ്പ് നൽകുന്നത്. അസ്വാഭാവികമായ കനത്ത വേനൽ മഴ തോട്ടണ്ടി ഉല്പാദനത്തിൽ ഇടിവുണ്ടാക്കുക തന്നെ ചെയ്യും. 2008ൽ പെയ്ത അസ്വാഭാവികമായ വേനൽ മഴയിൽ കശുവണ്ടി ഉത്പാദനം കുത്തനെ ഇടിഞ്ഞു. 2021 ജനുവരിയിൽ പെയ്ത കനത്ത അസ്വാഭാവികമഴയും കശുമാവിന് ഗുണം ചെയ്യില്ല.

മാത്രമല്ല, മൂടിക്കെട്ടിയ അന്തരീക്ഷം തേയിലക്കൊതുകിന്റെ ആക്രമണത്തിനും കാരണമായി. പൂങ്കുലകൾ, ഇളം തണ്ടുകൾ, കടുകുമണി വലിപ്പത്തിലുള്ള കശുവണ്ടികൾ തുടങ്ങിയവ ഈ കീടത്തിന്റെ ആക്രമണ ഫലമായി നശിച്ചു പോകുന്നു. ഡിസംബർ – ഫെബ്രുവരി മാസങ്ങളിലാണ് ആക്രമണം വ്യാപകമായി കണ്ടു വരുന്നത്.

കശുമാവിന്റെ തളിർക്കലും, പുഷ്പിക്കലും ആരംഭിക്കുന്ന സമയമാണിത്. ഏപ്രിൽ-മെയ് മാസങ്ങളിൽ ആക്രമണം തീരെ ഇല്ല എന്ന തന്നെ പറയാം. കശുമാവിന്റെ വളർച്ചയെയും ഉല്പാദനത്തെയും കാലാവസ്ഥാ ഘടകങ്ങൾ വളരെയധികം നിയന്ത്രിക്കുന്നു. കാലാവസ്ഥാ ഘടകങ്ങളും കശുമാവും തമ്മിലുള്ള ബന്ധം ആഴത്തിൽ മനസ്സിലാക്കിയാൽ മാത്രമേ എന്തെങ്കിലും ദൂഷ്യഫലങ്ങൾ ഉണ്ടെങ്കിൽ അവയെ മികച്ച പരിപാലന രീതിയിലൂടെ ലഘൂകരിക്കാൻ കഴിയൂ. (തുടരും)

(കാലാവസ്ഥാ ശാസ്ത്രജ്ഞനും കാര്‍ഷിക സര്‍വകലാശാല മുന്‍ സയിന്റിഫിക് ഓഫിസറുമാണ് ലേഖകന്‍)

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment