അപ്രതീക്ഷിത മഴ; ഉണക്കാനിട്ട കിന്റല്‍ കണക്കിന് കാപ്പിക്കുരു ഒഴുകിപ്പോയി
അപ്രതീക്ഷിത കനത്ത മഴയില്‍ ഉണക്കാനിട്ട കിന്റല്‍ കണക്കിന് കാപ്പികുരു ഒഴുകിപ്പോയി. വടുവന്‍ചാല്‍ ചെല്ലങ്കോട് ഭാഗത്താണ് കാപ്പികുരു ഒഴുകിപ്പോയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ശക്തമായ മഴ പെയ്തത്. മഴക്കാറ് പോലും ഇല്ലാതെ പെട്ടെന്ന് ശക്തമായ മഴ പെയ്യുകയായിരുന്നു. കാപ്പിക്കുരു മൂടി വെക്കാനോ വാരിയെടുക്കാനോ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. ഇതിനു മുന്‍പ് തന്നെ മഴ പെയ്യുകയായിരുന്നു. ഒരു മണിക്കൂര്‍ നേരമാണ് മഴ നീണ്ടുനിന്നത്. ഉണക്കാനിട്ട കളങ്ങളില്‍ നിന്നും മഴവെള്ളത്തോടൊപ്പം കാപ്പികുരു ഒഴുകി പോവുകയായിരുന്നു.
ചെല്ലങ്കോട് സ്വദേശിയായ പാറപ്പുറത്ത് രാജന്‍, ഉണിക്കാട് ബാലന്‍, പച്ചിക്കല്‍ തോമസ് എന്നിവരുടെ കാപ്പിക്കുരുവാണ് ഒഴുകിപ്പോയത്. പ്രദേശത്തെ മറ്റു കര്‍ഷകര്‍ക്കും നാശ നഷ്ടം നേരിട്ടിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ട്. ഇതേ തുടര്‍ന്ന് പഴുത്ത കാപ്പി പറിച്ചെടുക്കാനോ കാപ്പിക്കുരു ഉണക്കിയെടുക്കാനോ കഴിയാത്ത അവസ്ഥയാണ്.
പ്രകൃതി ദുരന്തമായി കണക്കാക്കി നാശനഷ്ടം ലഭ്യമാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. സാധാരണ ഒമ്പത് ദിവസം കൊണ്ട് കാപ്പിക്കുരു ഉണക്കിയെടുക്കാന്‍ കഴിയും. ഇപ്പോഴത്തെ അവസ്ഥയില്‍ രണ്ടാഴ്ച പിന്നിട്ടാലും ഉണക്കിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച ശക്തമായ മഴയാണ് പെയ്തത്. ഉച്ചയ്ക്ക് ശേഷമാണ് ഭൂരിഭാഗം സ്ഥലങ്ങളിലും മഴപെയ്തത്. മഴക്കെടുതിയുടെ വിവരങ്ങള്‍ കൃഷിവകുപ്പ് ശേഖരിച്ച് തുടങ്ങി. ഈയാഴ്ച തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കൃഷിവകുപ്പ് ശ്രമം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.