ആഘോഷങ്ങൾ നമുക്ക് പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് നമ്മൾ മലയാളികൾ ജാതിമതഭേദമന്യേ എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നവരാണ്. അങ്ങനെ ഒരു വസന്തകാല ഉത്സവം കൂടെ വന്നെത്തിയിരിക്കുകയാണ് വിഷു. കണി വെക്കുകയും കൈനീട്ടം വാങ്ങുകയും മാത്രമല്ല ,വിഷുവിന് ദിവസങ്ങൾക്കു മുൻപ് തന്നെ തുടങ്ങുന്ന മറ്റൊരാഘോഷമാണ് പടക്കം പൊട്ടിക്കൽ. ഈ പടക്കം പൊട്ടിക്കലിൽ അപകടങ്ങൾ പതിവാണ്. ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തത്തിലേക്ക് വഴിമാറും. പ്രത്യേകിച്ച് ഇപ്പോൾ ചൂട് കൂടുതലുള്ള സമയമാണ്. അതുകൊണ്ടുതന്നെ പടക്കം പൊട്ടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ട്.
പടക്കം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പടക്കങ്ങൾ തുറന്ന പെട്ടിയിൽ വാങ്ങരുത്. പടക്കങ്ങൾ ചൂടാകുന്നില്ല എന്ന് ഉറപ്പുവരുത്തണം. പ്രത്യേകിച്ച് വീട്ടിൽ വെക്കുന്ന പടക്കങ്ങൾ ചൂടു കൂടുതലുള്ള സ്ഥലങ്ങളിൽ വയ്ക്കരുത്.വീടുകൾ തിങ്ങിനിറഞ്ഞ ഇടങ്ങളിൽ പകൽ സമയങ്ങളിൽ പടക്കം പൊട്ടിക്കാതിരിക്കുന്നതാണ് നല്ലത്. കത്താത്ത പടങ്ങൾ പെട്ടെന്ന് തന്നെ വെള്ളം ഉപയോഗിച്ച് നിർവീര്യമാക്കുക.
കോട്ടൻ വസ്ത്രങ്ങൾ ധരിച്ച് പടക്കം പൊട്ടിക്കുക. പടക്കങ്ങൾ വാങ്ങി സ്കൂട്ടറിന്റെ സീറ്റിന്റെ അടിയിൽ വെക്കരുത് കാരണം ചൂട് കൂടുതലുള്ളതിനാലും എൻജിൻ ചൂടാകുമ്പോഴും പെട്രോൾ ടാങ്ക് അടുത്തുള്ളതിനാലും പെട്ടെന്ന് തീപടരാൻ സാധ്യതയുണ്ട് . ഗുണമേന്മയുള്ള പടക്കങ്ങൾ അംഗീകൃത ഷോറൂമുകളിൽ നിന്നും മാത്രം വാങ്ങുക.കുട്ടികൾ പടക്കം എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. റോഡ് അരികിൽ പടക്കം വിൽപ്പന നടത്തുന്നത് ഒഴിവാക്കുക. കാരണം ചൂട് കൂടുതലുള്ളതിനാൽ പടക്കങ്ങൾ പെട്ടെന്ന് പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.