കോഴിക്കോട്: താമരശ്ശേരി ഒടുക്കത്തിപ്പൊയിലിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി കാരണം വീടുകൾക്ക് വിള്ളൽ സംഭവിച്ച് ജനങ്ങൾ പ്രാണഭയത്തിലാണ് കഴിയുന്നതെന്ന നാട്ടുകാരുടെ പരാതി അധികൃതർ നിഷേധിച്ച സാഹചര്യത്തിൽ വൈബ്രേഷൻ ടെസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ദ്ധ പഠനം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കോഴിക്കോട് ജില്ലാ കളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. സ്വീകരിച്ച നടപടികൾ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും കളക്ടർക്ക് നിർദ്ദേശം നൽകി.
ജില്ലാ ജിയോളജിസ്റ്റും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് സമർപ്പിച്ചു. ഒടുക്കത്തിപൊയിൽ നിവാസികൾ താമസിക്കുന്നത് ക്വാറിയുടെ 200 മീറ്റർ പരിധിക്ക് പുറത്താണെന്നും ക്വാറിയുടെ പ്രവർത്തനം കാരണമാണോ വീടുകൾക്ക് വിള്ളൽ സംഭവിച്ചതെന്ന് സ്ഥിതീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഓമശേരി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. വിദഗ്ദ്ധ പഠനം നടത്തി ഇക്കാര്യം സ്ഥിതീകരിക്കുകയാണെങ്കിൽ ക്വാറിക്ക് നൽകിയ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
3.105 ഹെക്ടർ സ്ഥലത്ത് പ്രതിവർഷം 120500 ടൺ കരിങ്കല്ല് ഖനനം ചെയ്യാനാണ് 12 വർഷത്തേക്ക് ലൈസൻസ് അനുവദിച്ചിട്ടുള്ളത്. 2030 വരെ ലൈസൻസിന് കാലാവധിയുണ്ട്. വിള്ളലിന്റെ കാരണം കണ്ടെത്താൻ വൈബ്രേഷൻ ടെസ്റ്റ് നടത്തുന്നതിന് ക്വാറി ഉടമക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റ് കമ്മീഷനെ അറിയിച്ചു. റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാണ് കമ്മീഷൻ ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകിയത്.