മഴക്കാല രോഗങ്ങളെ പോലെ സൂക്ഷിക്കണം വിഷപ്പാമ്പുകളെ

മഴക്കാലത്ത് അസുഖങ്ങളെ പോലെ തന്നെ ഇഴജന്തുക്കളേയും ഏറെ ഭയക്കണം. നിരവധി പേരാണ് പ്രതിവര്‍ഷം പാമ്പ് കടിയേറ്റ് മരിക്കുന്നത്. 2020ൽ 76 പേരും 2021ൽ 40 പേരും പാമ്പ് കടിയേറ്റ് മരിച്ചു എന്നാണ് കണക്കുകള്‍. മഴ ശക്തിപ്പെടുന്നതോടെ മാളങ്ങള്‍ ഇല്ലാതാവുമ്പോഴാണ് പാമ്പുകള്‍ പുറത്തിറങ്ങുക. മാളങ്ങളില്‍ വെള്ളം കയറുന്നതോടെ പാമ്പുകള്‍ ജനവാസ പ്രദേശങ്ങളിലേക്കെത്തും.
പലപ്പോഴും വീട്‌, വിറകുപുര തുടങ്ങിയ ആൾപ്പെരുമാറ്റമുള്ള ഇടങ്ങൾ പാമ്പുകള്‍ താവളമാക്കുന്ന സ്ഥിതിയുണ്ട്. 

വീടും പരിസരവും ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ അവ അപകടങ്ങളെ വിളിച്ചു വരുത്തും. പ്രതിവര്‍ഷം പാമ്പുകടിയേറ്റ്‌ ആശുപത്രികളിൽ ചികിത്സ തേടുന്നത്‌ 3000 ത്തോളം പേരാണ്. മൂർഖൻ, വെള്ളിക്കട്ടൻ, ചേനത്തണ്ടൻ(അണലി), ചുരുട്ടമണ്ഡലി, മുഴമൂക്കൻ, കുഴിമണ്ഡലി, രാജവെമ്പാല എന്നിവയാണ്‌ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ  പ്രധാന വിഷപ്പാമ്പുകൾ. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.പലപ്പോഴും പാദരക്ഷകള്‍ക്ക് അകത്ത് തണുപ്പു തേടി പാമ്പുകള്‍ ചുരുണ്ടു കൂടി കിടക്കാറുണ്ട്. അശ്രദ്ധ മൂലം ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാവും. അത് കൊണ്ട്  ഷൂസ് അടക്കമുള്ള പാദരക്ഷകള്‍ ഉപയോ​ഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച് ഇഴജന്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം അവ ധരിക്കുക.

2.വാഹനങ്ങള്‍ വീടിന് പുറത്ത് നിര്‍ത്തിയിടാറുള്ളതിനാല്‍   പലപ്പോഴും വാഹനങ്ങളുടെ പലഭാഗങ്ങളിലും ഇവ കയറിപ്പറ്റാറുണ്ട്. അതിനാല്‍ വാഹനങ്ങള്‍ അടിഭാഗമടക്കം പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം ഓടിക്കുക.

3. പലപ്പോഴും കൂട്ടിയിട്ട വസ്ത്രങ്ങളില്‍  പാമ്പുകൾ  ചുരുണ്ടു കൂടിക്കിടക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ വസ്ത്രങ്ങള്‍ കുന്ന് കൂട്ടിയിടാതിരിക്കുക. 

4. മഴക്കാലത്തു പൊഴിയുന്ന ഇലകള്‍ക്കടിയിലും തണുപ്പുപറ്റി പാമ്പുകള്‍ കിടക്കാറുണ്ട്. അതിനാല്‍  സൂക്ഷിച്ച് മാത്രം നടക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

5. മഴക്കാലത്ത് വീട്ടിനകത്തേക്ക് പാമ്പുകള്‍ പലവിധേനയും ഇഴഞ്ഞെത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ വീട്ടുപകരണങ്ങള്‍ ഉയര്‍ത്തുമ്പോഴും മറ്റും സൂക്ഷ്മത പാലിക്കുക.

6.  പൊട്ടിയ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വൈക്കോല്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക.

7.പാമ്പു കടിയേറ്റാല്‍ ഒട്ടും വൈകിക്കാതെ ഉടന്‍ തന്നെ ചികിത്സ തേടുക

Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment