ന്യൂനമര്‍ദം: കൂടുതല്‍ ശക്തിപ്പെട്ടേക്കും, തമിഴ്‌നാട്ടിലും കര്‍ണാടകയിലും കനത്ത മഴ പ്രവചനം
ഇന്തോനേഷ്യക്ക് സമീപം രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത ആഴ്ച തമിഴ്‌നാട്ടിലും കര്‍ണാടകയിലും കനത്ത മഴ നല്‍കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പും. ഇന്ന് രാവിലെയുള്ള മെറ്റ്ബീറ്റ് വെതറിന്റെ പോസ്റ്റില്‍ ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് കരകയറിയ ശേഷം കര്‍ണാടക വഴി അറബിക്കടലിലേക്ക് നീങ്ങാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള ബുള്ളറ്റിനില്‍ കാലാവസ്ഥാ വകുപ്പും ഈ സാധ്യതയാണ് പ്രവചിക്കുന്നത്. അടുത്തയാഴ്ച കര്‍ണാടകയിലെ ബംഗളൂരുവില്‍ കനത്ത മഴ സാധ്യതയാണ് ഇപ്പോഴത്തെ പ്രവചനം. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത മോണിറ്ററിങ് സെന്റര്‍ അറിയിച്ചു. ബംഗളൂരുവില്‍ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
തെക്കന്‍, ഉള്‍നാടന്‍ തീരമേഖലയിലും മഴ പ്രവിചിക്കുന്നുണ്ട്. ഗ്ലോബല്‍ ഫോര്‍കാസ്റ്റിങ് സിസ്റ്റം (GFS) ന്റെ ന്യൂനമര്‍ദം കര്‍ണാടകയ്ക്കു മുകളിലൂടെയാണ് കടന്നു പോകുക. നവംബര്‍ 29 മുതല്‍ ബംഗളൂരു, മൈസൂരു ഉള്‍പ്പെടെ കനത്ത മഴക്ക് ഇത് കാരണമാകും. ദക്ഷിണ കന്നഡയിലും കനത്ത മഴ പ്രവചനമുണ്ട്. നീലഗിരി മുതല്‍ ബംഗളൂരു വരെയാണ് കനത്ത മഴ.
എന്നാല്‍, മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ പ്രവചനം അനുസരിച്ച് ചെന്നൈ വഴി ന്യൂനമര്‍ദം കരകയറി കര്‍ണാടയ്ക്കു മുകളിലൂടെ കടന്നു പോകാനുള്ള സാധ്യത കുറവാണ്. ന്യൂനമര്‍ദം ശ്രീലങ്കക്ക് സമീപം ഈ മാസം 24 ഓടെ ശക്തിപ്പെടുമെങ്കിലും തുടര്‍ന്ന് ഏതുവഴി സ്വീകരിക്കുമെന്ന് അവ്യക്തതയുണ്ടെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു. ഇവിടെ എത്തുന്ന ന്യൂനമര്‍ദങ്ങള്‍ വടക്കന്‍ തമിഴ്‌നാട് വഴി സഞ്ചരിക്കുന്ന പ്രവണതയില്ല. കൂടുതലും ഓഖി മാതൃകയില്‍ കന്യാകുമാരി കടല്‍ വഴി അറബിക്കടലിലേക്ക് പോകാനാണ് സാധ്യത.
യൂറോപ്യന്‍ കാലാവസ്ഥാ പ്രവചന മാതൃക ഈ പാതയാണ് നിര്‍വചിക്കുന്നത്. ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദത്തേക്കാള്‍ ശക്തിപ്പെടാന്‍ അനുകൂലമായ കടല്‍ സാഹചര്യമാണ് ശ്രീലങ്കക്ക് സമീപമുള്ള കടല്‍ അന്തരീക്ഷ സ്ഥിതി. അതിതീവ്ര ന്യൂനമര്‍ദമോ ചുഴലിക്കാറ്റോ ആയേക്കും. ചുഴലിക്കാറ്റ് സാധ്യത ഈ ഘട്ടത്തില്‍ പ്രവചിക്കപ്പെടാനുള്ള തെളിവുകളില്ലെങ്കിലും ഇത്തരമൊരു സാധ്യത തള്ളിക്കളയനാകുമാകില്ല.