യു.എ.ഇയിൽ ശൈത്യകാലം വ്യാഴാഴ്ച മുതൽ തുടങ്ങുമെന്ന് എമിറേറ്റ് അസ്‌ട്രോണമി സൊസൈറ്റി. ഡിസംബർ 22 പുലർച്ചെ 1.48 മുതൽ മാർച്ച് 20 വരെയാണ് ഈ വർഷത്തെ ശൈത്യകാലമെന്നാണ് സൊസൈറ്റി ചെയർമാൻ ഇബ്രിഹീം അൽ ജർവാൻ അറിയിച്ചത്.
അറബ് ഫെഡറേഷൻ ഓഫ് അസ്‌ട്രോണമി ആന്റ് സ്‌പേസ് സയൻസ് അംഗമാണ് എമിറേറ്റ് അസ്‌ട്രോണമി സൊസൈറ്റി. ദേശീയ വാർത്താ ഏജൻസിയായ വാമിനോടാണ് അൽ ജർവാൻ ഇക്കാര്യം പറഞ്ഞത്.
മകരം നക്ഷത്രത്തിന് ലംബമായി സൂര്യൻ വരുമ്പോഴാണ് ശൈത്യകാലം ആരംഭിച്ചതായി അസ്‌ട്രോണമി പ്രകാരം പറയുക.
ഡിസംബർ പകുതി മുതൽ ഫെബ്രുവരി പകുതിവരെയാണ് അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ശൈത്യകാലം സജീവമാകുന്നത്. തീരദേശത്ത് കുറഞ്ഞ താപനില 15 ഡിഗ്രിയായും മരുഭൂമിയിലും പർവത മേഖലയിലും 10 ഡിഗ്രിയായും കുറയും. 1.8 കി.മി ഉയരത്തിൽ താപനില പൂജ്യം ഡിഗ്രിവരെ കുറയും. തണുത്ത വായുവിന്റെ പ്രവാഹമാണ് ഈ ഉയരത്തിലുണ്ടാകുക.
ശൈത്യകാലത്ത് യു.എ.ഇയിൽ താപനില 12 നും 25 നും ഇടയിലാണ് പതിവ്. മാർച്ച് മുതൽ താപനില കൂടി തുടങ്ങും. നാഷി കാറ്റ് എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറൻ കാറ്റാണ് യു.എ.ഇയിൽ തണുപ്പ് കൂട്ടുന്നത്. പശ്ചിമവാതത്തിന്റെ ഭാഗമാണ് നാഷി എന്നറിയപ്പെടുന്ന ശൈത്യക്കാറ്റ്.