uae job visa alert 19/01/24 : ഇന്ത്യക്കാര്‍ക്ക് വിസാ വിലക്കില്ല, അപേക്ഷ നിരസിക്കാന്‍ കാരണം ഇതാണ്
യു.എ.ഇയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും പുതുതായി വരുന്നവര്‍ക്കും പുതിയ വിസാ ചട്ടം വെല്ലുവിളിയാകും. യു.എ.ഇയിലെ സ്ഥാപനങ്ങളില്‍ വ്യത്യസ്ത രാജ്യക്കാര്‍ക്ക് നിയമനം നല്‍കണമെന്ന നിര്‍ദേശം മന്ത്രാലയം കര്‍ശനമാക്കി തുടങ്ങി. വര്‍ക്ക് വിസ പുതുക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് demographic diversity പൂര്‍ത്തിയാക്കണമെന്ന സന്ദേശം നല്‍കി അപേക്ഷ നിരസിക്കപ്പെടുകയാണ്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തിയെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഈമേഖലയിലുള്ളവര്‍ പറയുന്നു.
ഇതിനു കാരണം പ്രവാസികള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ പുതിയ നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമാണിതെന്ന് യു.എ.ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യക്കാരുടെ വിസ പുതുക്കുമ്പോഴാണ് ഇത്തരം മെസേജ് വരികയും അപേക്ഷ നിരസിക്കപ്പെടുകയും ചെയ്യുന്നത്. യു.എ.ഇയിലെ സ്ഥാപനങ്ങളില്‍ തൊഴിലാളികളില്‍ വ്യത്യസ്ത രാജ്യക്കാര്‍ക്ക് നിയമനം നല്‍കണമെന്ന നേരത്തേയുള്ള നിര്‍ദേശം പാലിക്കാത്തവര്‍ക്കാണ് വിസ പുതുക്കാന്‍ കഴിയാത്തത്.
സ്ഥാപനത്തില്‍ ഏതെങ്കിലും ഒരു രാജ്യക്കാരുടെ എണ്ണം അധികമാണെങ്കില്‍ ആ രാജ്യക്കാര്‍ക്ക് പുതിയ തൊഴില്‍വിസ ലഭിക്കില്ല. ജീവനക്കാരുടെ എണ്ണത്തില്‍ മുന്നിലാണ് എന്നതിനാല്‍ ഇന്ത്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളാണ് ഇപ്പോള്‍ ഈ പ്രശ്‌നം നേരിടുന്നത്. ഇന്ത്യക്കാരും, പാകിസ്താനികളും ഏറെയുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ ആ രാജ്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ മന്ത്രാലയം സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നുന്നത് ഈ മുന്നറിയിപ്പാണ്.
നിയമനങ്ങളില്‍ ജനസംഖ്യാപരമായ വ്യത്യസ്ത പാലിക്കണമെന്നും തൊഴിലാളികളുടെ വൈവിധ്യം സംസ്‌കാരങ്ങളുടെ വൈവിധ്യത്തിനും കാരണമാകുമെന്നും ഇത് യു.എ.ഇയുടെ നയമാണെന്നും മന്ത്രാലയം പറയുന്നു. സ്ഥാപനങ്ങളുടെ നിലവിലെ വിസാ ക്വാട്ടയുടെ ആദ്യ 20 ശതമാനമെങ്കിലും വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരായിരിക്കണമെന്നാണ് വിസ സേവന ദാതാക്കള്‍ക്ക് ലഭിച്ച അറിയിപ്പില്‍ പറയുന്നത്. ഇക്കാര്യം മന്ത്രാലയവുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചതായി യു.എ.ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിയമന സാധ്യത കുറയാനോ, വൈകാനോ സാധ്യതയുള്ളതിനാല്‍ പുതിയ ജോലിക്കും, ജോലി മാറ്റത്തിനും ശ്രമിക്കുന്നവര്‍ ഇക്കാര്യം കണക്കിലെടുക്കേണ്ടതുണ്ടെന്ന് വിസാ സേവന രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടില്‍ നിന്ന് വിസിറ്റിങ് വിസ എടുത്ത് യു.എ.ഇയിലെത്തി തൊഴില്‍ നേടാനുള്ള ശ്രമങ്ങള്‍ പുതിയ ചട്ടത്തില്‍ വ്യക്തത വരുന്നതുവരെ ഉപേക്ഷിക്കുന്നതാകും ഉചിതം. നിയന്ത്രണം സംബന്ധിച്ച തൊഴില്‍മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. അടുത്ത ദിവസങ്ങളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായേക്കും.പുതിയ ജോലിക്ക് ശ്രമിക്കുന്നവരും, ജോലി മാറ്റത്തിന് ശ്രമിക്കുന്നവരും വ്യക്തത വരുന്നതുവരെ കാത്തിരിക്കുന്നതാണ് ഉചിതം.
പുതുതായി വിസ പുതുക്കുന്നവര്‍ക്ക് വിസ നിഷേധിക്കപ്പെടാനും സാധ്യതയുണ്ട്. വിസാ ക്വാട്ടയില്‍ 20 ശതമാനം വൈവിധ്യ തൊഴിലാളികള്‍ വേണമെന്ന കാര്യത്തില്‍ നിയമം കര്‍ശനമാക്കുകയാണെന്ന് ഹ്യൂമന്‍ റിസോഴ്‌സസ് ആന്റ് എമിറാറ്റൈസേഷന്‍ മന്ത്രാലയം പറഞ്ഞു. 20 ശതമാനം തൊഴിലാളി വൈവിധ്യം പൂര്‍ത്തിയാക്കിയാല്‍ വീണ്ടും വിസ ലഭിക്കും. അതിനാല്‍ വിസാ വിലക്കെന്ന പ്രചാരണത്തില്‍ കഴമ്പില്ല. ചട്ടം പാലിക്കാത്തവരുടെ വിസ പുതുക്കല്‍ തടയുകയാണ് ഇപ്പോള്‍ മന്ത്രാലയം ചെയ്യുന്നത്. കമ്പനികള്‍ പുതിയ തൊഴിലാളികളെ എടുക്കുമ്പോഴും വൈവിധ്യം ഉറപ്പാക്കണമെന്ന നിര്‍ദേശം ലഭിക്കുന്നുണ്ട്. സ്വദേശി തൊഴിലാളികളുടെ അനുപാതവും മന്ത്രാലയം പരിശോധിക്കുന്നുണ്ട്.