UAE Job News 03/03/24: വിസിറ്റിംഗ് വിസയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നുമാസം വരെ ജോലി ചെയ്യാൻ അനുമതി

UAE Job News 03/03/24: വിസിറ്റിംഗ് വിസയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നുമാസം വരെ ജോലി ചെയ്യാൻ അനുമതി

അബൂദബി: യു.എ.ഇയില്‍ സന്ദര്‍ശന വിസയിലെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്നുമാസം വരെ ജോലി ചെയ്യാൻ അനുമതി. വിസിറ്റ് വിസയിലാണെങ്കിലും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് പ്രാക്ടീസ് ചെയ്യാമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) അറിയിച്ചു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്നുവരുന്ന അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ് 2024ല്‍ ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ആരോഗ്യ മേഖലയില്‍ ജോലി തേടുന്ന പ്രൊഫഷനലുകള്‍ക്ക് വലിയ അനുഗ്രഹമാവുന്ന തൊഴില്‍ നിയമ ഭേദഗതിയാണിത്. മികച്ച ജോലിക്കാരെ തേടുന്ന ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഈ നിയമം പ്രയോജനം ചെയ്യും. തൊഴിലുടമയ്ക്കും ജീവനക്കാരനും തൃപ്തികരമായി തോന്നുന്ന പക്ഷം വിസിറ്റ് വിസ തൊഴില്‍ വിസയാക്കി മാറ്റുകയും ചെയ്യാം.

മൂന്നുമാസം ജോലി ചെയ്യുന്നതിന് വിസിറ്റ് വിസക്കാര്‍ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. പെര്‍മിറ്റിനുള്ള നടപടിക്രമങ്ങള്‍ ലളിതമാണെന്നും ദുബൈ ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. ഇലക്ട്രോണിക് സംവിധാനമായ ‘ഷെര്‍യാന്‍’ വഴി ഒരു ദിവസം കൊണ്ട് തന്നെ പെര്‍മിറ്റ് നേടാനാകും.

യു.എ.ഇയില്‍ താമസിക്കുന്ന പ്രൊഫഷണലുകള്‍ക്ക് സേവനത്തിനായി നേരിട്ട് അപേക്ഷിക്കാന്‍ കഴിയില്ല. ലൈസന്‍സുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന്റെ മെഡിക്കല്‍ ഡയരക്ടറുടെ പോര്‍ട്ടല്‍ അക്കൗണ്ട് വഴിയാണ് മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോഴും കൈകാര്യം ചെയ്യാന്‍ പ്രാദേശിക ആരോഗ്യ സംരക്ഷണ മേഖലയെ സജ്ജമാക്കാന്‍ ഇത് സഹായകമാകുമെന്ന് ഡി.എച്ച്.എ വ്യക്തമാക്കി. രാജ്യം സന്ദര്‍ശിക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താനും ഇത് ഉപകരിക്കും. ദുബൈ എമിറേറ്റില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പ്രത്യേക മേഖലകളില്‍ മെഡിക്കല്‍ വൈദഗ്ധ്യം നേടുന്നതിനും താല്‍ക്കാലിക പെര്‍മിറ്റ് സഹായകമാണെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

© Metbeat Career News

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020