uae flood 20/04/24 : മറുനാട്ടുകാര്‍ക്ക് മാതൃകയായി മലയാളികളുടെ രക്ഷാദൗത്യം, നാലാം ദിനവും പ്രളയം തുടരുന്നു

uae flood 20/04/24 : മറുനാട്ടുകാര്‍ക്ക് മാതൃകയായി മലയാളികളുടെ രക്ഷാദൗത്യം, നാലാം ദിനവും പ്രളയം തുടരുന്നു

പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ യു.എ.ഇയിലെ ജനങ്ങള്‍ക്ക് സഹായവുമായി മലയാളികളുടെ കൂട്ടായ്മ. നിങ്ങളുടെ വീട്ടില്‍ ഒരാള്‍ക്കു കൂടി താമസിക്കാന്‍ സൗകര്യം ഒരുക്കാമെന്ന വാട്‌സ്ആപ്പ് സന്ദേശത്തെ കുറിച്ച് നേരത്തെ മെറ്റ്ബീറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷാര്‍ജയില്‍ സാധാരണക്കാരുടെ താമസ കെട്ടിടങ്ങളിലടക്കം വെള്ളം കയറിയിട്ടുണ്ട്. ഇവിടെയെല്ലാം ഓടിയെത്തി സഹായിക്കുന്നത് മലയാളികളാണ്.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, കെ.എം.സി.സി, ഐ.സി.എഫ്, എമിറേറ്റ്‌സ് മലയാളി നഴ്‌സസ് അസോസിയേഷന്‍ തുടങ്ങി മലയാളികളുടെ വിവിധ കൂട്ടായ്മകളെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മുന്‍പന്തിയിലുണ്ട്. ഇവരെ സഹായിക്കാന്‍ മലയാളികളായ ബിസിനസുകാരും വ്യക്തികളും രംഗത്തുണ്ട്. മറുനാട്ടുകാര്‍ക്ക് മാതൃക നല്‍കിയാണ് മലയാളികളെ രക്ഷാദൗത്യമെന്ന് മെറ്റ്ബീറ്റ് വെതര്‍ ഗള്‍ഫ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ പറയുന്നു.

റെയിന്‍ സപ്പോര്‍ട്ട് യു.എ.ഇ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഒരു സംഘം ചെറുപ്പക്കാര്‍ ഏകീകരിക്കുന്നു. സഹായം തേടിയെത്തിയവര്‍ക്കെല്ലാം ആശ്വാസം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് നാലു ദിവസമായി ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയ 60 മലയാളികളെ വിമാനത്താവള അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി പുറത്തെത്തിക്കാന്‍ കഴിഞ്ഞെന്നും ഗ്രൂപ്പ് അഡ്മിന്‍ സി. മുനീര്‍ പറഞ്ഞു.

ഷാര്‍ജയില്‍ വെള്ളത്താല്‍ ഒറ്റപ്പെട്ട താമസ കെട്ടിടങ്ങളില്‍ ഭക്ഷണം ഉള്‍പ്പെടെ ചെറുബോട്ടിലെത്തി വിതരണം ചെയ്യുന്നതു മലയാളികളാണെന്ന് ഷാര്‍ജയില്‍ താമസിക്കുന്ന മുംതാസ് കുറ്റിക്കാട്ടൂര്‍ പറഞ്ഞു. നാലു ദിവസമായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പലയിടത്തും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിട്ടുണ്ട്. ഇതൊന്നും വകവയ്ക്കാതെയാണ് മലയാളികളുടെ രക്ഷാദൗത്യം.

ഷാര്‍ജയില്‍ വെള്ളക്കെട്ടിലൂടെ ഭക്ഷണപൊതികളെത്തിക്കുന്ന മലയാളികള്‍ ചിത്രം- fb/മുംതാസ് കുറ്റിക്കാട്ടൂര്‍

ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തുന്ന മരുന്ന്, ഭക്ഷണം, വെള്ളം എന്നിവ പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യാന്‍ ഏഴായിരത്തിലേറെ വളണ്ടിയര്‍മാര്‍ രാപകല്‍ ഭേദമന്യേ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ വലിയൊരു പങ്കും മലയാളികളാണ്. നേരത്തെ നാട്ടില്‍ പ്രളയമുണ്ടായ 2018 ലും 2019 ലും കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും ഇവിടെയുണ്ട്.

ഷാര്‍ജയിലാണ് ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. ഷാര്‍ജ അല്‍വഹ്ദ, അല്‍ ഖാസിമിയ, അല്‍മജാസ്, ബാങ്ക് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, മുവൈല തുടങ്ങിയ മേഖലകളിലെ വെള്ളക്കെട്ടിന് ഇപ്പോഴും ശമനമില്ല. ഇവിടെ അവശ്യസാധനങ്ങളുടെ വിതരണം നടക്കുന്നുണ്ട്. വിവിധ റെസ്‌റ്റോറന്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും പ്രളയബാധിതര്‍ക്കായി അവശ്യവസ്തുക്കള്‍ നല്‍കുന്നുണ്ട്.

പലയിടത്തും മൊബൈലില്‍ ചാര്‍ജ് തീര്‍ന്നതും ദിവസങ്ങളായി വൈദ്യുതി ഇല്ലാത്തതും പ്രതിസന്ധിയാണ്. രക്ഷാപ്രവര്‍ത്തകര്‍ ഇത്തരക്കാരെ കണ്ടെത്തി സഹായിക്കുന്നുണ്ട്. ആളുകള്‍ ശുചിമുറിയില്‍ പോകുന്നത് ഒഴിവാക്കാന്‍ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. വൈദ്യുതിയും വെള്ളവുമില്ലാത്ത ഫഌറ്റില്‍ കഴിയുന്നവര്‍ക്കാണ് ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുന്നത്.

യു.എ.ഇില്‍ 75 വര്‍ഷത്തിനിടെയുണ്ടായ റെക്കോര്‍ഡ് മഴയില്‍ ഉണ്ടായ നാശനഷ്ടം വിലയിരുത്താന്‍ ഷാര്‍ജ ഭരണാധികാരിയും സു്പ്രിം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡ്, ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി, സോഷ്യല്‍ സര്‍വീസ് വകുപ്പ്, എമിറേറ്റിലെ മുനിസിപ്പാലിറ്റികള്‍, പ്രവര്‍ത്തനങ്ങളില്‍ ലോജിസ്റ്റിക് പിന്തുണ നല്‍കുന്ന എല്ലാ അധികാരികളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളെ നേരിടാന്‍ ഏകോപിപ്പിക്കുകയും നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

metbeat news 

നാട്ടിലെയും ഗൾഫിലെയും കാലാവസ്ഥാ വിവരങ്ങൾ കൃത്യമായി നേരത്തെ അറിയാൻ ഗൾഫ് മലയാളികൾ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

FOLLOW US ON GOOGLE NEWS

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment