കഴിഞ്ഞ ദിവസം കേരളത്തിൽ ഉൾപ്പെടെ മഴയെ സ്വാധീനിച്ച ദക്ഷിണ ചൈനാ കടലിൽ ചാബ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ രാക്ഷസ തിരമാലകളിൽപ്പെട്ട് കപ്പൽ മറിഞ്ഞ് 12 മരണം. തെക്കൻ ചൈനാ കടലിൽ ശനിയാഴ്ചയാണ് അപകടമെന്ന് സംശയിക്കുന്നു. 30 പേരെ കാണാതായി. മൂന്നു പേരെ ഹെലികോപ്ടർ ഉപയോഗിച്ച് മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപ്പെടുത്തി. ഹോങ്കോങ്ങിൽ നിന്ന് തെക്കുപടിഞ്ഞാറായി 296 കി.മി അകലെയാണ് അപകടം. ചുഴലിക്കാറ്റിൽപ്പെട്ട് കപ്പൽ രണ്ടായി മുറിഞ്ഞു.
കാണാതായവർക്ക് വേണ്ടി അപകട പ്രദേശത്തു നിന്ന് 50 നോട്ടിക്കൽ മൈൽ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് ഗ്വാങ്‌ഡോങ് മാരിടൈം സെർച്ച് ആന്റ് റസ്‌ക്യു സെന്റർ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് മൂന്നു പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
രക്ഷാപ്രവർത്തനത്തിന് വൻ സന്നാഹം
അപകടത്തിൽപ്പെട്ടവരെ കണ്ടെത്താൻ വൻ സന്നാഹങ്ങളോടെയുള്ള തെരച്ചിലാണ് ഹോങ്കോങ് അധികൃതർ നടത്തുന്നത്. ഏഴു വിമാനങ്ങളും 246 ബോട്ടുകളും 498 മത്സ്യബന്ധന യാനങ്ങളും അപകടമുണ്ടായ 50 നോട്ടിക്കൽ മൈൽ പ്രദേശത്തായി തെരച്ചിൽ നടത്തുന്നുണ്ട്. ഹെലികോപ്ടർ വഴി കപ്പലിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തുന്ന വിഡിയോ ഹോങ്കോങ് അധികൃതർ പുറത്തുവിട്ടു.
കേരളത്തിലും ചാബ മഴ നൽകി
ചാബ ചുഴലിക്കാറ്റ് തീവ്രശേഷിയിലാണ് വീശിയത്. ഈ ചുഴലിക്കാറ്റ് അറബിക്കടലിലെ കാറ്റിനെ ആകർഷിച്ചത് മൂലം കേരളത്തിലും കഴിഞ്ഞ ദിവസം മഴ നൽകിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ ചുഴലിക്കാറ്റ് കരകയറിയത്. ഈ ചുഴലിക്കാറ്റ് കരയറുമ്പോഴുള്ള പ്രഹരശേഷിയിലാണ് കപ്പൽപ്പെട്ടത് എന്ന് ഹോങ്കോങ് അധികൃതർ പറഞ്ഞു. ശനിയാഴ്ച രാവിലെ 7.25 നാണ് കപ്പൽ അപകടത്തിൽപ്പെട്ടത് എന്നാണ് കരുതുന്നത്. ഈ സമയം കപ്പൽ ചാബ ചുഴലിക്കാറ്റിന്റെ മധ്യത്തിലായിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് കപ്പൽ ദുരന്തത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് രക്ഷാപ്രവർത്തകർ കരുതുന്നത്.