കോഴിക്കോട്∙ തുഷാരഗിരിയിൽ പൊടുന്നനെ പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ പകച്ച് വിനോദസഞ്ചാരികൾ. ബുധനാഴ്ച അവധി ദിനമായിരുന്നതിനാൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു തുഷാരഗിരിയിൽ. 200ൽ അധികം സഞ്ചാരികൾ ഒന്നാം വെള്ളച്ചാട്ടത്തിനു താഴെ പുഴയിലുണ്ടായിരുന്നു. പലരും വെള്ളച്ചാട്ടത്തിലുള്ള തടാകത്തിൽ കുളിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് തുഷാരഗിരിയിൽ മഴയേ ഇല്ലായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിക്കാണ് ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ആളുകള്‍ പരക്കംപാഞ്ഞ് ഓടി രക്ഷപ്പെടുന്നതിന്റെ വിഡിയോ പുറത്തുവന്നു.
സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പിന്റെ ഇക്കോ ടൂറിസം ഗൈഡുകൾ പെട്ടെന്നു തന്നെ പുഴയിലുണ്ടായിരുന്നവരെ എല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതു കൊണ്ട് വൻ അപകടം ഒഴിവാക്കാനായി. തുഷാരഗിരി വന മേഖലയിൽ ഉൾവനത്തിൽ ശക്തമായ മഴ പെയ്തതാണ് പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ ഇടയാക്കിയത്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായും ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം കൂടുതലായി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തുന്നതും കിഴക്കൻ മേഖലകളിൽ സംവഹനമ മേഘങ്ങൾ രൂപപ്പെടാൻ കാരണമാകുന്നുണ്ട്. ഇത് ഉച്ചക്ക് ശേഷമുള്ള പെട്ടെന്നുള്ള മഴക്കും മഴവെള്ളപ്പാച്ചിലിനും കാരണമാകുമെന്ന് Metbeat Weather കഴിഞ്ഞ ഒരാഴ്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്. തുലാവർഷം മഴ തുടങ്ങാനിരിക്കെ ഈ സാഹചര്യം കൂടുതൽ രൂക്ഷമാക്കാനാണ് സാധ്യത. അതിനാൽ കിഴക്കൻ മേഖലയിൽ അവധി ആഘോഷിക്കാൻ പോകുന്നവർ ജാഗ്രത പുലർത്തണമെന്ന് ഞങ്ങളുടെ മീറ്റിയോറളജിസ്റ്റ് മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥ അപ്ഡേഷനുകൾ അറിഞ്ഞതിനുശേഷം മാത്രം സുരക്ഷിതമായി വിനോദസഞ്ചാരം നടത്തുക.