തുർക്കിയിൽ ശക്തിയേറിയ ഭൂചലനത്തിൽ 50 പേർക്ക് പരുക്ക്. ആർക്കും ജീവഹാനിയില്ലെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലെയ്മാൻ സൊയ്‌ലു ട്വീറ്റ് ചെയ്തു. വടക്കൻ തുർക്കിയിലെ ബുധനാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. ഇസ്താംബൂളിന്റെ കിഴക്ക് 170 കി.മി അകലെയാണ് ഭൂചലനം.
യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് തീവ്രത 6.1 ആണെങ്കിലും ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ ഇത് 5.9 ആണ്. ഡ്യുസെസ് പ്രവിശ്യയിലെ ഗൊലിയാക ജില്ലയിലാണ് പ്രഭവകേന്ദ്രം. 8000 ത്തോളം കെട്ടിടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. കെട്ടിടങ്ങൾക്ക് കാര്യമായ പരുക്കുകളില്ല. ഈ മേഖലയിൽ 101 തുടർ ചലനങ്ങളുണ്ടായതാണ് റിപ്പോർട്ട്. ലോകത്തെ പ്രധാന ഭൂചലന കേന്ദ്രങ്ങളിലൊന്നാണ് തുർക്കി. ഇപ്പോൾ ഭൂചലനമുണ്ടായ ഡ്യുസെസ് പ്രവിശ്യയിൽ 1999 ൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 17,000 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 1000 പേർ മരിച്ചത് ഇസ്താംബൂളിലാണ്.
2020 ജനുവരിയിൽ തുർക്കിയിലുണ്ടായ 6.8 തീവ്രതയുള്ള ഭൂചലനത്തിൽ 40 പേരും, ഒക്ടോബറിലുണ്ടായ 7 തീവ്രതയുള്ള ഭൂചലനത്തിൽ 114 പേരും കൊല്ലപ്പെട്ടിരുന്നു.