തെക്ക്-കിഴക്കൻ യുഎസിൽ ഡെബി ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ അഞ്ച് മരണം
ഫ്ലോറിഡയിൽ വീശിയടിച്ച ഡെബി ചുഴലിക്കാറ്റ് ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറുന്നതിന് മുമ്പ് അഞ്ച് മരണം.
വരും ദിവസങ്ങളിൽ ജോർജിയയുടെയും കരോലിനസിൻ്റെയും ഭാഗങ്ങളിൽ ഡെബി കനത്ത വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം.
ഫ്‌ളോറിഡയിലെ ഗൾഫ് കോസ്റ്റിലെ ബിഗ് ബെൻഡ് മേഖലയിൽ കാറ്റഗറി വൺ ചുഴലിക്കാറ്റായി തിങ്കളാഴ്ച രാവിലെയാണ് ഡെബി കരയിലേക്ക് കടന്നത്.
ഗെയ്‌നസ്‌വില്ലെയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന ലെവി കൗണ്ടി പട്ടണത്തിലെ മൊബൈൽ ഹോമിലേക്ക് മരം വീണു മരിച്ചവരിൽ 13 വയസ്സുള്ള ആൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഹിൽസ്ബറോ കൗണ്ടിയിൽ – ടാമ്പയ്ക്ക് ചുറ്റും – കൊടുങ്കാറ്റിൽ ഒരു 18 ചക്രങ്ങളുള്ള ലോറി കനാലിലേക്ക് മറിഞ്ഞു. ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.
ഗെയ്‌നസ്‌വില്ലെയുടെ പടിഞ്ഞാറുള്ള ഡിക്‌സി കൗണ്ടിയിൽ, ഞായറാഴ്ച രാത്രി കാർ അപകടത്തിൽപ്പെട്ട് ഒരു സ്ത്രീയും 12 വയസ്സുകാരനും മരിച്ചതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.
തെക്കൻ ജോർജിയയിൽ, മൗൾട്രിയിലെ ഒരു വീടിൻ്റെ പൂമുഖത്തേക്ക് കൂറ്റൻ മരം വീണതിനെ തുടർന്ന് മറ്റൊരു മരണം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊടുങ്കാറ്റ് വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് ചുഴലിക്കാറ്റ് കേന്ദ്രത്തിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ ജാമി റോം പറഞ്ഞു.
PowerOutage.com പ്രകാരം ഫ്ലോറിഡയിൽ തിങ്കളാഴ്ച രാത്രി 150,000 വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഇല്ലായിരുന്നു. ജോർജിയയിലും സൗത്ത് കരോലിനയിലും 36,000 വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടിലായി.
കൊടുങ്കാറ്റ് കരയിലേക്ക് കടക്കുന്നതിന് മുമ്പ്, ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസ് ഫ്ലോറിഡയിലെ 67 കൗണ്ടികളിൽ 61 എണ്ണത്തിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജൂൺ 1 മുതൽ നവംബർ 30 വരെ ചുഴലിക്കാറ്റ് സീസൺ ആയിരിക്കുമെന്ന് നിരീക്ഷകർ പ്രവചിച്ചു.

നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ (നോവ) പറയുന്നത് പ്രകാരം 2024-ൽ 25 കൊടുങ്കാറ്റുകൾ വരെ ഉണ്ടാകാൻ സാധ്യത.
ഇതിൽ 13 എണ്ണം ചുഴലിക്കാറ്റായി മാറിയേക്കാം.
ഈ വർഷത്തെ നാലാമത്തെ കൊടുങ്കാറ്റായിരുന്നു ഡെബി.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag