Total Solar Eclipse 2024 : അത്യപൂര്‍വ ഗ്രഹണം നിങ്ങള്‍ക്കും ലൈവായി കാണാം, അന്തരീക്ഷമാറ്റം പഠിക്കാന്‍ നാസ 3 റോക്കറ്റുകളയക്കും
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ മെറ്റ്ബീറ്റ് വെതര്‍ സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിനു താഴെയുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി 9.13 മുതല്‍ ഏപ്രില്‍ 9 ന് പുലര്‍ച്ചെ 2.22 വരെയാണ് സൂര്യഗ്രഹണം കാണാനാകുക. metbeatnews.com ല്‍ നാസയുടെ ലൈവ് ടെലികാസ്റ്റ് കാണാനാകും. ഇന്ന് രാത്രി 10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് നാസയുടെ ലൈവ് ടെലികാസ്റ്റ് ഉണ്ടാകുക.
എല്ലാവര്‍ഷവും രണ്ടു മുതല്‍ അഞ്ചു സൂര്യഗ്രഹണങ്ങള്‍ വരെ ഉണ്ടാകാറുണ്ടെങ്കിലും പൂര്‍ണ സൂര്യഗ്രഹണങ്ങള്‍ 18 മാസത്തിലൊരിക്കലേ ഉണ്ടാകാറുള്ളൂ. ഭൂമിയിലെ ഒരു സ്ഥലത്ത് 400 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ പൂര്‍ണ സൂര്യഗ്രഹണം ഉണ്ടാകൂ. അത്തരമൊരു അപൂര്‍വ ദൃശ്യത്തിനാണ് ഇപ്പോള്‍ സാക്ഷിയാകുന്നത്.
അപൂര്‍വങ്ങളില്‍ അത്യപൂര്‍വം
ഭൂമിയിടെ 70 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്. കര ഭൂമിയുടെ പകുതിയും വാസയോഗ്യവുമല്ല. അതിനാല്‍ മനുഷ്യവാസമുള്ളിടത്ത് ഇത്തരമൊരു സൂര്യഗ്രഹണം നടക്കുന്നത് അപൂര്‍വങ്ങളില്‍ ്അത്യപൂര്‍വമാകും.
ഇന്ത്യയിലെ ആകാശ നിരീക്ഷകര്‍ക്ക് ഈ സൂര്യഗ്രഹണം കാണാനാകില്ല. കൊളംബിയ, സ്‌പെയിന്‍, വെനസ്വല, അയര്‍ലന്‍ഡ്, ഐസ്്‌ലന്റ്, യു.കെ, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം ഭാഗികമായെങ്കിലും കാണാനാകും.
വിപുലമായ സൗകര്യങ്ങളുമായി നാസ
പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ വിവിധ ഏന്‍സികള്‍ സൗകര്യമൊരുക്കിയിരുന്നു. താഴെ കാണുന്ന നാസയുടെ തല്‍സയമ സ്ട്രീമിങ് വഴി മെറ്റ്ബീറ്റ് ന്യൂസിലെ പ്രേക്ഷകര്‍ക്കും സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുമായുള്ള ഈ സമയത്തെ സംഭാഷണം, ഗ്രഹണവുമായി ബന്ധപ്പെട്ട് നാസ നടത്തുന്ന പരീക്ഷണങ്ങളുടെ വിവരങ്ങള്‍ എന്നിവയും തല്‍സമയ സ്ട്രീമിങ് വഴി ലഭിക്കും.
ഈ പ്രതിഭാസത്തെ കുറിച്ച് അവബോധം നല്‍കാന്‍ നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. മൂന്നു മണിക്കൂര്‍ നേരം നിരവധി വടക്കനമേരിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നാസ തല്‍സമയം സംപ്രേഷണം ചെയ്യും. മുകളിലുള്ള വിഡിയോ സ്്്ട്രീമിങ് വഴി നിങ്ങള്‍ക്ക് ഇത് കാണാനാകും. പൂര്‍ണ ഗ്രഹണം വീക്ഷിക്കാവുന്ന പ്രദേശത്ത് നാസക്ക് ഒരു സെന്ററേ ഉള്ളൂ. ഒഹായോയിലെ ഗ്ലെന്‍ റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള ലൈവ് പ്രക്ഷേപണവും കാണാം.
ആദിത്യക്ക് കാണാനാകില്ല
ഇന്ത്യയുടെ സൗര നിരീക്ഷണ പേടകമായ ”ആദിത്യ എല്‍1 ബഹിരാകാശ പേടകം സൂര്യഗ്രഹണം കാണില്ല. കാരണം ബഹിരാകാശ പേടകത്തിന് പിന്നില്‍ ലാഗ്രാഞ്ച് പോയിന്റ് 1ല്‍ (എല്‍1) ആണ് ചന്ദ്രന്‍. ഭൂമിയില്‍ ദൃശ്യമാകുന്ന ഗ്രഹണത്തിന് ആ സ്ഥലത്ത് വലിയ പ്രാധാന്യമില്ല.” ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു.
ഗ്രഹണ മേഖലയില്‍ ചെകുത്താന്‍ നക്ഷത്രവും
ചെകുത്താന്‍ വാല്‍നക്ഷത്രം എന്നറിപ്പെടുന്ന 12/പി പോണ്‍സ് ബ്രൂക് വാല്‍നക്ഷത്രവും ഇന്ന് ഗ്രഹണമേഖലയില്‍ ദൃശ്യമായേക്കും. കണ്ണുകള്‍ കൊണ്ടു നേരിട്ടു കാണാന്‍ സാധ്യത കുറവാണെങ്കിലും പ്രകാശ, വായു മലിനീകരണം കുറഞ്ഞ സ്ഥലങ്ങളില്‍ ദൃശ്യമായേക്കാം. ചെകുത്താന്‍ എന്ന പേരിനു കാരണം കൊമ്പുപോലെ തോന്നിക്കുന്ന ‘തലഭാഗത്തെ’ വെളിച്ചവും സൗരാകര്‍ഷണത്താല്‍ ദൃശ്യമാകുന്ന വാലുമുള്ളത് കൊണ്ടാണ്.
date and Time വെബ്‌സൈറ്റും സൂര്യഗ്രഹണം ലൈവ് സ്ട്രീമിങ് ചെയ്യുന്നുണ്ട്. താഴെ കൊടുത്ത വിഡിയോയിലെ പ്ലേ ബട്ടണ്‍ ്അമര്‍ത്തിയാല്‍ ദൃശ്യങ്ങള്‍ കാണാം.
എന്താണ് പൂര്‍ണ സൂര്യഗ്രഹണം
ഭൂമിക്കും സൂര്യനുമിടയ്ക്ക് ചന്ദ്രന്‍ കടന്നു പോകുന്ന സമയത്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയം പൂര്‍ണ സൂര്യഗ്രഹണം കാണാനാകുന്ന രാജ്യങ്ങളില്‍ സൂര്യന്‍ പൂര്‍ണമായി മറയുന്നു. ഗ്രഹണം നടക്കുമ്പോള്‍ നേരം പുലരുമ്പോഴും ഇരുളുമ്പോഴും സംഭവിക്കുന്നതു പോലെ ആകാശം കാണപ്പെടും. ഇരുട്ടായി പെട്ടെന്ന് നേരം വെളുക്കും.
സൂര്യന്റെ കൊറോണ കാണാം
ആകാശത്ത് മേഘങ്ങളില്ലെങ്കില്‍ ഗ്രഹണം നടക്കുമ്പോള്‍ സൂര്യന്റെ കൊറോണ അല്ലെങ്കില്‍ പുറമെയുള്ള മണ്ഡലം കാണാനാകും. സാധാരണ സമയത്ത് സൂര്യപ്രഭ മൂലം ഇത് കാണാന്‍ കഴിയാറില്ല. പൂര്‍ണ ഗ്രഹണം നീണ്ടു നില്‍ക്കുക 4 മിനിറ്റും 27 സെക്കന്‍ഡും മാത്രമായിരിക്കും. കണ്‍ഡിഗ്യുയെസ് (contiguous) അമേരിക്കയില്‍ (രാജ്യത്തിന്റെ ‘താഴെ’ കിടക്കുന്ന 48 രാജ്യങ്ങള്‍ ഡിസ്ട്രിക്ടുകള്‍, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ, സെന്‍ട്രല്‍ നോര്‍ത് അമേരിക്ക എന്നീ പ്രദേശങ്ങള്‍) ഇനി 2044 ല്‍ മാത്രമേ ഇത്തരം ഒരു സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകൂ.
യു.എസ് മലയാളികള്‍ ഗ്രഹണം കാണുമ്പോള്‍ ശ്രദ്ധിക്കുക
അമേരിക്കന്‍ മലയാളികള്‍ സൂര്യഗ്രഹണം കാണുമ്പോള്‍ സൂരക്ഷിതമായ മുന്നൊരുക്കങ്ങളെടുക്കണം. മറ്റ് രാജ്യങ്ങളും ഇടക്കിടെ സൂര്യഗ്രഹണം ഉണ്ടാകുമ്പോള്‍ നേരിട്ട് ഗ്രഹണം കാണുന്നവര്‍ ഇത്തരം മുന്നൊരുക്കം സ്വീകരിക്കണം.
സുരക്ഷിതമല്ലാത്ത ലെന്‍സുകള്‍ ഉപയോഗിച്ച് ഗ്രഹണം കണ്ടാല്‍ കാഴ്ചയ്ക്ക് സാരമായ തകരാര്‍ ഉണ്ടാകാം. ഇതിനായി പ്രത്യേകം നിര്‍മിച്ച സോളാര്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് സൂര്യഗ്രഹണം കാണാം.
സേഫ് സോളാര്‍ വ്യൂവിങ് ഗ്ലാസസ് ആണ് വേണ്ടത്. ഇത് ഐഎസ്ഒ 12312-2 രാജ്യാന്തര ഗുണനിലവാരം ഉള്ളതായിരിക്കണം. സാധാരണ കൂളിങ് ഗ്ലാസുകള്‍ വച്ച് ഗ്രഹണം കാണുന്നത് കണ്ണിന്റെ കാഴ്ച അപകടത്തിലാക്കും. ഹാന്‍ഡ്‌ഹെല്‍ഡ് സോളാര്‍ വ്യൂവറുകളും വിപണിയില്‍ ലഭ്യമാണ്. ഗുണനിലവാരം ഉള്ളവ മാത്രം തെരഞ്ഞെടുക്കുക. വ്യാജ ഗ്ലാസുകള്‍ ധാരാളമായി ലഭ്യമാണ് എന്നതിനാല്‍ ശ്രദ്ധിച്ചു വേണം ഇത്തരം വ്യൂവറുകള്‍ വാങ്ങാന്‍.
മുകളില്‍ പറഞ്ഞവ ഇല്ലെങ്കില്‍ പിന്‍ഹോള്‍ പ്രൊജക്ടര്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. ഇത് സൂര്യന്റെ ഒരു ചിത്രം അടുത്തുള്ള ഒരു പ്രതലത്തിലേക്ക് പ്രൊജക്ട് ചെയ്യകയാണ് ചെയ്യുക. സൂര്യരശ്മികള്‍ നേരിട്ട് കണ്ണില്‍ പതിക്കില്ലെങ്കിലും ഗ്രഹണം പ്രൊജക്ടറില്‍ കാണാനാകും. ഇത്തവണ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ കണ്ടതിലേക്കും വച്ച് ഏറ്റവും ശ്രദ്ധേയമായ ദൃശ്യവിരുന്നു തന്നെ കാണാനായേക്കും.
ഇത്തരം സന്ദര്‍ഭങ്ങളെ പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കാനാണ് ഉപകരിക്കുക. അതിനാല്‍ ഇത്തരം പ്രതിഭാസങ്ങള്‍ മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികള്‍ക്കും പറഞ്ഞു മനസിലാക്കി കൊടുക്കുകയും സുരക്ഷിതമായ രീതിയില്‍ കാണിച്ചു കൊടുക്കുകയും വേണം.
അന്തരീക്ഷം പഠിക്കാന്‍ നാസ മൂന്നു റോക്കറ്റുകളയക്കും
അമേരിക്ക, കാനഡ, മെക്‌സികോ എന്നിവിടങ്ങളില്‍ ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനില്‍ക്കുന്ന ഗ്രഹണം അന്തരീക്ഷത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ നാസ മൂന്നു റോക്കറ്റുകളയക്കും. പെട്ടെന്ന് സൂര്യപ്രകാശം ഇല്ലാതാകുമ്പോള്‍ ഭൂമിയുടെ വായുമണ്ഡലത്തിന് എന്തു സംഭവിക്കുമെന്നാണ് പഠിക്കുന്നത്. സൂര്യവെളിച്ചം പെട്ടെന്ന് ഇല്ലാതാകുന്നതോടെയും ഇരുട്ട് പരക്കുന്നതോടെയും അന്തരീക്ഷ ഊഷ്മാവ് പെട്ടെന്ന് താഴാറുണ്ട്. സൂര്യഗ്രഹണത്തിന് മുന്‍പും ശേഷവും ഗ്രഹണം നടക്കുമ്പോഴുമാണ് ഓരോ റോക്കറ്റുകള്‍ അയക്കുക. നാസയുടെ വെര്‍ജീനിയയിലെ കേന്ദ്രത്തില്‍ നിന്നാണ് റോക്കറ്റുകള്‍ വിക്ഷേപിക്കുക. ഇവിടെ ഗ്രഹണ സമയത്ത് സൂര്യന്റെ 81.4 ശതമനവും പ്രകാശം തടസപ്പെടുമെന്നാണ് കരുതുന്നത്.
ജീവികള്‍ രാത്രിയിലെന്നപോലെ പെരുമാറും
ജീവജാലങ്ങള്‍ പോലും ഈ സമയം രാത്രിയിലെന്നപോലെ ്പ്രതികരിക്കാറുണ്ട്. സൂര്യഗ്രഹണം കാലാവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് ശാസ്ത്രത്തിന് ധാരണയുണ്ടെങ്കിലും അന്തരീക്ഷപാളിയില്‍ എന്തു സംഭവിക്കുന്നു എന്ന് വലിയ ധാരണയില്ല. കാലാവസ്ഥയ്ക്ക് വലിയ പ്രാധാന്യമില്ലാത്ത ഭൗമോപരിതലത്തില്‍ നിന്ന് 90 മുതല്‍ 500 കി.മി വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അയണോസ്ഫിയറില്‍ ഗ്രഹണ സമയത്ത് നടക്കുന്ന മാറ്റങ്ങളാണ് നാസയുടെ റോക്കറ്റുകള്‍ പരിശോധിച്ച് വിവരം ശേഖരിക്കുക.
അയണോസ്ഫിയറില്‍ എന്താണ് മാറ്റം
ഗ്രഹണം മാറുമ്പോള്‍ സൂര്യനില്‍ നിന്നുണ്ടാകുന്ന ശക്തമായ അള്‍ട്രാവയലറ്റ് കണികകള്‍ മൂലം അയണോസ്ഫിയറിലെ തന്മാത്രകള്‍ക്ക് അയോണീകരണം സംഭവിക്കാറുണ്ട്. ഈ അന്തരീക്ഷഭാഗത്തിന് വൈദ്യുതി ചാലകശക്തിയുണ്ട്. വിദൂര സ്ഥലങ്ങളിലേക്കുള്ള റേഡിയോ പ്രക്ഷേപണത്തിന് സഹായിക്കുന്നത് അയണോസ്ഫിയറാണ്.
‘ചെറിയ അലകളുള്ള കുളമായി അയണോസ്ഫിയറിനെ സങ്കല്‍പിച്ചാല്‍ ആ കുളത്തിനു മുകളിലൂടെ പെട്ടെന്ന് ബോട്ട് ഓടിക്കുന്നതിന് തുല്യമായ മാറ്റങ്ങളാണ് സൂര്യഗ്രഹണത്തിന്റെ സമയത്ത് സംഭവിക്കുന്നത്. വളരെ വലിയ മാറ്റങ്ങള്‍ സൂര്യഗ്രഹണ സമയത്ത് ഭൂമിയുടെ ഈ അന്തരീക്ഷപാളിയിലുണ്ടാവുന്നുണ്ട്’ എന്നാണ് എംബ്രേ റിഡില്‍ എയറോനോട്ടിക്കല്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അരോ ബര്‍ജാത്യ പറയുന്നു.
നേരത്തെയും പരീക്ഷണം നടത്തി
കഴിഞ്ഞ ഒക്ടോബറിലും സമാന രീതിയിലുള്ള പരീക്ഷണം നാസയിലെ എന്‍ജിനീയര്‍മാര്‍ നടത്തിയിരുന്നു. അന്ന് ചന്ദ്രന്‍ സൂര്യനില്‍ നിന്നുള്ള 90 ശതമാനം വെളിച്ചവും തടഞ്ഞിരുന്നു. പെട്ടെന്ന് സൂര്യപ്രകാശം നിലച്ചത് അന്തരീക്ഷത്തിലെ റേഡിയോ, ഉപഗ്രഹ ആശയവിനിമയത്തില്‍ തടസങ്ങളുണ്ടാക്കിയെന്നും പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ പരീക്ഷണം.
FOLLOW US ON GOOGLE NEWS
കാലാവസ്ഥ അപ്ഡേറ്റായിരിക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.