സംഹാര താണ്ഡവമാടി US ടൊർണാഡോ: മരണം 23 ആയി; നഗരങ്ങൾ തകർന്നു

യു.എസിൽ കനത്ത നാശം വിതച്ച ടൊർണാഡോയിൽ മരണ സംഖ്യ 23 ആയി ഉയർന്നു. തകർന്ന വീടുകളിൽ നിന്ന് ആളുകളെ പുറത്തെടുക്കുകയാണ്. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. റോളിംഗ് ഫോർക്കിൽ നിരവധി വീടുകളും വാഹനങ്ങളും തകർന്നു. വാഹനങ്ങൾ പറന്നുപോയി വീടുകൾക്കു മുകളിലും മറ്റും വീണാണ് പലയിടത്തും ദുരന്തം. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും വീടുകളിലും കെട്ടിടങ്ങളിലും ഇടിച്ച് തകരുകയും ചെയ്തു.

കാലാവസ്ഥാ വ്യതിയാനം കാരണം
ശനിയാഴ്ച രാവിലെയും മിസിസിപ്പിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്ന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നുണ്ട്. 23 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. യു.എസിൽ സമീപകാലത്തെ ശക്തമായ ടൊർണാഡോകളിലൊന്നാണ് ഇന്നലെ വീശിയടിച്ചത്. നാഷനൽ വെതർ സർവീസ് ടൊർണാഡോ ട്രാക്ക് ചെയ്തിരുന്നെങ്കിലും ജനങ്ങളെ ഒഴിപ്പിക്കാനായില്ല. ഇതാണ് ദുരന്തത്തിന് കാരണം. കഴിഞ്ഞ 40-60 വർഷമായി ടൊർണാഡോകളുടെ ശക്തി കൂടിവരുന്നതായി തെളിവുകളില്ലെന്ന് National Oceanic and Atmospheric Administration’s National Severe Storms Laboratory യിലെ ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന് ടൊർണാഡോകൾ ശക്തിപ്പെടുന്നതിൽ പങ്കുണ്ടെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്.

നാശംവിതച്ചത് 160 കി.മി ദൂരം
160 കി.മിലധികം ദൂരമാണ് ടൊർണാഡോ നാശംവിതച്ചത്. സാധാരണ ടൊർണാഡോകൾ ഇത്രയേറെ ദൂരം നാശനഷ്ടം വരുത്തി പോകാറില്ല. നാലു പേരെ കാണാതായിട്ടുണ്ട്. കനത്ത നാശനഷ്ടമാണ് ആകാശ നിരീക്ഷണത്തിൽ കാണുന്നത്. ഇത്രയും ശക്തമായ ടൊർണാഡോ കണ്ടിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. 2011 ൽ ജോപ്‌ലിനിലും മിസൗറിയിലുമുണ്ടായ ടൊർണാഡോയിൽ 161 പേർ മരിച്ചിരുന്നു. എം.എസ് ഡെൽറ്റ പ്രദേശത്തെ ആളുകൾക്ക് ഈ രാത്രി ദൈവം സംരക്ഷണം നൽകട്ടെയെന്നും നിങ്ങളുടെ പ്രാർഥന വേണമെന്നുമായിരുന്നു മിസിസിപ്പി ഗവർണർ ടേറ്റ് റേവ് ട്വീറ്റ് ചെയ്തത്.

Leave a Comment