കാലവർഷം കനത്തതോടെ പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പുയർന്നതിനാൽ ബ്യൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്റാറായെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. ഡാമിൽ ഉൾക്കൊള്ളാവുന്ന ജലവിതാനനിരപ്പ് 424 മീറ്റർ ആണ്. മഴയുടെ തോതും ഡാമിലേക്ക് ഒഴുകുയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതുനാൽ അധികജലം താഴെക്ക് ഒഴുക്കിക്കളയുന്നതിനുള്ള ആദ്യഘട്ട നടപടിയായാണ് ബ്യൂ അലർട്ട് പ്രഖ്യാപിച്ചത്.
അതേസമയം കാലവർഷക്കാറ്റ് ശക്തമായി തുടരുന്നുണ്ട്. കേരളതീരം മുതൽ ഗുജറാത്ത് വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു. ന്യൂന മർദ്ദങ്ങളുടെ സ്വാധീനവും കാലവർഷക്കാറ്റിനെ ആകർഷിക്കുന്നുണ്ട്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ ഇന്നും അതിശക്തമായ മഴക്ക് സാധ്യത. ഇന്നലെ വടക്കൻ കേരളത്തിൽ തീവ്രമഴ ലഭിച്ചു. നാളെ (വെള്ളി) ഉച്ചയ്ക്കുശേഷം കാറ്റിന്റെ ശക്തിയിൽ നേരിയ കുറവുണ്ടാകും. മധ്യ തെക്കൻ ജില്ലകളിൽ നാളെ ഉച്ചക്ക് ശേഷം മഴക്ക് ഇടവേളകൾ ലഭിക്കുകയും ശക്തി കുറയുകയും ചെയ്യും. വടക്കൻ കേരളത്തിൽ ശനിയാഴ്ചയോടെ മഴ കുറഞ്ഞു തുടങ്ങും. നാളെ രാത്രിയോടെ വടക്കൻ കേരളത്തിൽ മഴക്ക് ഇടവേളകൾ ലഭിക്കും എന്നാണ് മെറ്റ്ബീറ്റ് വെതറിലെ (MetbeatWeather) നിരീക്ഷകരുടെ അഭിപ്രായം.
പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
പമ്പ, മണിമല, കല്ലൂപ്പാറ, മീനച്ചിൽ, കുറ്റിയാടി, മണിമല, അച്ചൻകോവിൽ, എന്നീ നദികളിലെ ജലനിരപ്പ് അപകട നിരക്ക് മുകളിലായതിനാൽ അവിടെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേന്ദ്ര ജല കമ്മീഷൻ (CWC) പുറപ്പെടുവിച്ചു . നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.