കനത്ത മഴ; 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, വ്യാപക നാശനഷ്ടം

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. കനത്ത മഴ കണക്കിലെടുത്ത് 11 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. പൊന്നാനി താലൂക്കിലും ഇന്ന് അവധിയാണ്. എം ജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് സർവകലാശാലാ പരീക്ഷകൾ, പി എസ് സി പരീക്ഷകൾ എന്നിവ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.

ഗതാഗത നിയന്ത്രണം

കാസർഗോഡ് ചെറുവത്തൂർ കൊവ്വൽ വീരമലകുന്നിലെ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ദേശീയപാതയിൽ കൂടി പോകുന്ന ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, കാറ്, ബസ്, സ്കൂൾ ബസ് ഉൾപ്പടെയുള്ള യാത്രാ വാഹനങ്ങൾ കോട്ടപ്പുറം പാലം – ചെറുവത്തൂർ, അരയാക്കടവ് കയ്യൂർ-ചെറുവത്തൂർ എന്നീ റൂട്ടുകളിലൂടെ തിരിച്ചു വിടും. മറ്റു വാഹനങ്ങൾക്ക് ഹൈവേയിൽ കൂടി തന്നെ പോകാം.

മലയോര മേഖലയിൽ ഇടക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു

കൊടിയത്തൂരിൽ ഇരുവഴിഞ്ഞിയിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരും.

നിലവിൽ ശാന്തമായ അവസ്ഥ

കാരശ്ശേരി വല്ലത്തായിപ്പാറ ചെറുപുഴ കര കവിഞ്ഞു.
വല്ലത്തായിപ്പാറ പാലത്തിന് മുകളിലൂടെ വെള്ളമൊഴുകുന്നു.
ഗതാഗതം തടസപ്പെട്ടു.
വേറെ അനിഷ്ഠ സംഭവങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല.

ജാഗ്രത നിർദ്ദേശം

കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പലയിടങ്ങളിലും അതിതീവ്രമഴ

അതിതീവ്ര മഴയാണ് കണ്ണൂർ,കാസർകോട് ജില്ലകളിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ലഭിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് 312 എം എം മഴ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിലും, കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിൽ 267 mm മഴയും ലഭിച്ചു. 260 mm മഴ കോഴിക്കോട് കുറ്റിയാടിയിലും ലഭിച്ചു. പലയിടങ്ങളിലും ഇത്തരത്തിൽ ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. എന്നാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ മഴയുടെ തീവ്രത കുറയാനാണ് സാധ്യത.

Leave a Comment